പഹൽഗാം ഭീകരാക്രമണം: മോദി മാധ്യമങ്ങളിലൂടെ വെടിപൊട്ടിക്കുകമാത്രമാണ് ചെയ്യുന്നതെന്ന് കെ.സി. വേണുഗോപാൽ
Monday, May 5, 2025 5:05 AM IST
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണം നടന്ന് 15 ദിവസം പിന്നിടുന്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളിലൂടെ വെടി പൊട്ടിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. പാക്കിസ്ഥാന് തിരിച്ചടി നൽകുന്ന കാര്യത്തിൽ വാക്കുകളല്ല പ്രവൃത്തിയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സംവിധാൻ ബെചാവോ റാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ. പാക്കിസ്ഥാന് തക്ക മറുപടി നൽകാൻ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും കേന്ദ്രസർക്കാരിന് പൂർണ പിന്തുണയാണ് നൽകിയത്. ആക്രമണത്തെക്കുറിച്ച് പല ചോദ്യങ്ങളും കേന്ദ്രസർക്കാരിനോട് ചോദിക്കാനുണ്ട്. പക്ഷേ അതിനുള്ള സമയം ഇപ്പോഴല്ലെന്ന് മനസിലാക്കിയാണ് കേന്ദ്രസർക്കാരിന് ഒപ്പം നിൽക്കുന്നത്. എന്നാൽ, മോദി സർക്കാരിന് ആക്രമണം നടന്ന് ഇത്രയും ദിവസമായിട്ടും ഒന്നും ചെയ്യാനാകുന്നില്ല.
യുപിഎ സർക്കാരിന്റെ കാലത്ത് നടന്ന മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി രണ്ടാം ദിവസം കേന്ദ്രത്തെ കുറ്റപ്പെടുത്തി രംഗത്തെത്തി. രാജ്യത്തിന്റെ അതിർത്തി നിങ്ങളുടെ കൈയിലാണ്, സൈന്യം നിങ്ങളുടെ കൈയിലാണ് എന്നാണ് അന്ന് മോദി പറഞ്ഞത്. ആ മോദി ഇപ്പോൾ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇഡിയെ ബിജെപിയുടെ ഘടകമാക്കി മാറ്റി പ്രതിപക്ഷത്തിനെതിരേ ഉപയോഗിക്കുന്നു. ദളിത് സമൂഹത്തോടുള്ള വേട്ടയിൽ മോദിയും പിണറായിയും ഒരുപോലെയാണ്. ഏറ്റവും ഒടുവിൽ കേരളത്തിൽ വേടന് നേരിടേണ്ടി വന്നത് ഇതിന് ഉദാഹരണമാണെന്നും അദാനിയാണ് പിണറായുടെ പ്രധാന പാർട്ണറെന്നും വേണുഗോപാൽ പറഞ്ഞു.
രാജ്യത്ത് മതേതരത്വവും ജനാധിപത്യവും രൂപപ്പെടുത്താനും നിലനിർത്താനും തയാറായത് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഭരണഘടനയാണ് ഇന്ത്യയുടെ വികസനത്തിന്റെ അടിത്തറ. രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും ശബ്ദവുമാണ് സമകാലീന ഇന്ത്യയെ നിലനിർത്തിക്കൊണ്ട് പോകുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, നേതാക്കളായ വി.കെ. അറിവഴകൻ, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, എം. ലിജു, പാലോട് രവി, വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കെപിസിസിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു സമീപത്തുനിന്നും ആരംഭിച്ച റാലിയിലും പൊതുസമ്മേളനത്തിലും തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു.