വിലക്കിയിട്ടും മല്ലിക ആശമാർക്കൊപ്പം; ആയിരം രൂപ സംഭാവന നൽകി
Saturday, May 3, 2025 3:25 AM IST
തൃശൂർ: ആശ സമരത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിൽ ഓണ്‍ലൈനായി പങ്കെടുത്ത് കലാമണ്ഡലം ചാൻസലറും നർത്തകിയുമായ മല്ലിക സാരാഭായ്. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപയും അയച്ചുനൽകി.
പങ്കെടുക്കരുതെന്ന സർക്കാരിന്റെ അനൗദ്യോഗികവിലക്കു മറികടന്നാണ് അവർ ഓണ്‍ലൈനിലൂടെ പരിപാടിയിൽ പങ്കെടുത്തതും ആശ വർക്കറുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ നൽകിയതും.
മല്ലികയ്ക്കുനേരെയുണ്ടായ സമ്മർദം സങ്കടകരമെന്നു സാറാ ജോസഫ് പറഞ്ഞു. ""ശൈലജയും ശ്രീമതിയും മിണ്ടരുതെന്നു പറഞ്ഞാൽ മിണ്ടാതിരിക്കുന്നവരുടെ സമരമല്ല ആശമാരുടെ സമരം. മല്ലികയ്ക്കു നേർക്കുണ്ടാകുന്ന വിദ്വേഷം ഔദ്യോഗികമല്ലാതിരിക്കട്ടെ.സമരം തുടരുന്നിടത്തോളംകാലം പൊതുസമൂഹത്തിന്റെ പ്രതികരണമുണ്ടാകും.
സർക്കാരിനെ അട്ടിമറിക്കാനുള്ള സമരമല്ല, സമരം ചെയ്തവരോടുള്ള ഐക്യദാർഢ്യമാണിത്''- സാറാ ജോസഫ് പറഞ്ഞു. സിവിൽ സൊസൈറ്റി വിത്ത് ആശ വർക്കേഴ്സ് തൃശൂരിന്റെ നേതൃത്വത്തിൽ ജവഹർ ബാലഭവനിലായിരുന്നു ചടങ്ങ്.
അഭിപ്രായവിലക്കെന്ന് മല്ലിക സാരാഭായ്
തൃശൂർ: ആശാ വർക്കർമാരുടെ സമരത്തെ പിന്തുണയ്ക്കുന്നതിന് അഭിപ്രായവിലക്കെന്നു കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായ്. സമൂഹമാധ്യമത്തിൽ രണ്ടുദിവസംമുന്പ് എഴുതിയ കുറിപ്പിലാണ് അഭിപ്രായം പറയുന്നതിൽനിന്നു വിലക്കാൻ ശ്രമിച്ചെന്നു പറയുന്നത്.
""ഒരു സർവകലാശാലയുടെ ചാൻസലറായിരിക്കുക എന്നതിന്റെ രുചിയെന്തെന്ന് ആദ്യമായി തിരിച്ചറിഞ്ഞു. സംസാരത്തിനുള്ള വിലക്ക്. വേതനവർധനയ്ക്കുവേണ്ടിയുള്ള ആശാ വർക്കർമാരുടെ ഒരു സമരം തൃശൂരിൽ നടക്കുന്നുണ്ട്. ഇവർ എല്ലായിടത്തും പ്രധാനപ്പെട്ട ജോലിയാണു ചെയ്യുന്നത്. മതിയായ പ്രതിഫലം നൽകാതെയാണ് ഉപയോഗിക്കുന്നത്.
അവരുടെ ശന്പളവർധനനയ്ക്കുവേണ്ടി ധനസമാഹരണപരിപാടി സാറാ ജോസഫിന്റെ നേതൃത്വത്തിൽ നടക്കുന്നു. എന്നോട് അഭിപ്രായം ചോദിക്കുകയും എന്റെ ജീവിതകാലത്തു ചെയ്തതുപോലെ മറുപടി പറയുകയും ചെയ്തു.
ഹാ, ഇനിമേൽ അതു പാടില്ലത്രേ. എനിക്ക് എങ്ങനെ ഞാനല്ലാതാകാൻ കഴിയും?’’മല്ലിക കുറിപ്പിലൂടെ ചോദിച്ചു.