കേരള യൂത്ത് ഫ്രണ്ട്-എം തീരദേശ സംരക്ഷണ യാത്രയ്ക്ക് ഉജ്വല തുടക്കം
Saturday, May 3, 2025 3:24 AM IST
കാസര്‍ഗോഡ്: ‘കടലവകാശം കടലിന്റെ മക്കള്‍ക്ക്’ എന്ന മുദ്രാവാക്യവുമായി കേരള യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് നയിക്കുന്ന തീരദേശ സംരക്ഷണയാത്രയ്ക്ക് ഉജ്വലതുടക്കം.
കാസര്‍ഗോഡ് കസബ ബീച്ചിലെ ശ്രീകുറുംബാ ഭഗവതീക്ഷേത്രത്തിനു സമീപം പ്രത്യേകം തയാറാക്കിയ വേദിയില്‍ കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി യാത്ര ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. അലക്സ് കോഴിമല, കുര്യാക്കോസ് പ്ലാപറമ്പില്‍, സജി കുറ്റിയാനിമറ്റം, കുറുംബ ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ. പ്രഭാകരന്, കേരള കോണ്‍ഗ്രസ്-എം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം സാജന് തൊടുക, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബിജു തുളിശേരി, ഡാവി സ്റ്റീഫന്‍, അഡ്വ. ശരത് ജോസ്, അമല്‍ ജോയി കൊന്നക്കൽ, ഷിബു തോമസ്, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പില്‍, എസ്. അയ്യപ്പന് പിള്ള, ജോമോന് പൊടിപാറ, ഇ.ടി. സനീഷ്, ജോഷ്വ രാജു, റെനീഷ് കാരിമറ്റം, ബിജോ പി. ബാബു, ജെസല്‍ വര്‍ഗീസ്, വിപിന്‍ സി. അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
യൂത്ത്ഫ്രണ്ട്-എം സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള സ്വാഗതവും സംസ്ഥാന ഐടി കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് മാത്യു നന്ദിയും പറഞ്ഞു. ഒമ്പതു തീരദേശ ജില്ലകളിലൂടെ 670 കിലോമീറ്റര്‍ സഞ്ചരിച്ച് 50 പോയിന്റ്കള്‍ പിന്നിട്ട് ഒന്‍പതിന് തിരുവനന്തപുരം വിഴിഞ്ഞത്ത് സമാപിക്കും.
മത്സ്യത്തൊഴിലാളികളുടെ ആശങ്ക കേന്ദ്രസര്‍ക്കാര്‍ വകവയ്ക്കുന്നില്ല: ജോസ് കെ. മാണി
കാസര്‍ഗോഡ്: കടലും കടല്‍ വിഭവങ്ങളും തങ്ങള്‍ക്ക് നഷ്ടമാകുമോ എന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കപ്പെടേണ്ടതാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. കേരള യൂത്ത് ഫ്രണ്ട്-എം തീരദേശ സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലൂ ഇക്കോണമി നയം നടപ്പാക്കുമെന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍ കടലിനെ നന്നായി അറിയുന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്കയെ വകവയ്ക്കുന്നില്ല. ഇതു കൂടാതെ കടല്‍ത്തീരത്തെ മണല്‍ഖനനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാക്കുന്ന പദ്ധതിയും മത്സ്യത്തൊഴിലാളികളുടെ ആശങ്ക ഇരട്ടിയാക്കുന്നു. തീരദേശത്തിന്റെ അവകാശം പൂര്‍ണമായും മത്സ്യത്തൊഴിലാളികള്‍ക്കു വിട്ടുകൊടുക്കണം.
മതിയായ പഠനം നടത്താതെയുള്ള കടല്‍ മണല്‍ ഖനനം തീരദേശ ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. ഇതു സംബന്ധിച്ചുള്ള ആശങ്കകള്‍ മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടല്‍മണല്‍ ഖനനത്തിന് എതിരാണ്. തീരദേശത്തെ തീറെഴുതിക്കൊടുത്തു മത്സ്യത്തൊഴിലാളികളെ ഇരുട്ടിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.