സമയത്തോടൊപ്പം താപനിലയടക്കം അറിയാം; 1337 റെയിൽവേ സ്റ്റേഷനുകളിൽ ഡിജിറ്റൽ ക്ലോക്കുകൾ
Saturday, May 3, 2025 3:24 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: രാജ്യത്തെ തെരത്തെടുത്ത 1,337 സ്റ്റേഷനുകളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഡിജിറ്റൽ ക്ലോക്കുകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
റെയിൽവയുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതിനൊപ്പം എല്ലാ സ്റ്റേഷനുകളിലും സ്റ്റാൻഡാർഡ് ചെയ്യാൻ കഴിയുന്ന നൂതനവും പ്രായോഗികവുമായ ക്ലോക്ക് ഡിസൈനുകൾ ആയിരിക്കും ഇതിനായി തെരത്തെടുക്കുക.
പ്ലാറ്റ്ഫോമുകൾ, സ്റ്റേഷൻ കെട്ടിടങ്ങൾ, കാത്തിരിപ്പ് മുറികൾ, മറ്റ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത 20 മുതൽ 25 വരെ ഡിജിറ്റൽ ക്ലോക്കുകൾ ഓരോ സ്റ്റേഷനിലും സജ്ജീകരിക്കും.
പുനരുപയോഗിക്കാവുന്ന സൗരോർജത്തിൽ പ്രവർത്തിപ്പിക്കാവുന്ന ഡിജിറ്റൽ ക്ലോക്കുകൾക്ക് ആയിരിക്കും റെയിൽവേ മുന്തിയ പരിഗണന നൽകുക.
സമയം മാത്രം പ്രദർശിപ്പിക്കുന്നത് ആയിരിക്കില്ല ക്ലോക്കുകൾ. പ്രദേശത്തെ താപനില, കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണ തോത്, യാത്രക്കാർക്ക് ഉപയോഗപ്രദമായ മറ്റ് വിവരങ്ങൾ എന്നിവയുടെ അധിക ഡിസ്പ്ലേയും ക്ലോക്കിൽ ഉണ്ടാകും.
അമൃത് ഭാരത് പദ്ധതിക്കു കീഴിൽ രാജ്യത്ത് 1337 സ്റ്റേഷനുകളുടെ നവീകരണവും പുനർനിർമാണ പ്രവർത്തനങ്ങളും നടന്നുവരികയാണ്.