സിപിഎമ്മിന്റെ ഒരു കോടി പിടിച്ചെടുത്ത നടപടി: ഹര്‍ജി തള്ളി
Saturday, May 3, 2025 3:24 AM IST
കൊച്ചി: സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ച ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടികള്‍ ചോദ്യം ചെയ്ത് പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് 2024 ഏപ്രില്‍ 30നാണു പണം പിടിച്ചെടുത്തത്. ആദായനികുതി വകുപ്പിന്റെ നടപടികള്‍ നിയമപരമാണെന്ന് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി. നടപടികളില്‍ ഈ ഘട്ടത്തില്‍ ഇടപെടല്‍ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
ബാങ്ക് ഓഫ് ഇന്ത്യ തൃശൂര്‍ ശാഖയിലെ അക്കൗണ്ട് സംബന്ധിച്ചായിരുന്നു ഹര്‍ജി. പെരുമാറ്റച്ചട്ടം ലംഘിച്ച് പണം പിന്‍വലിച്ചതിന്റെ പേരില്‍ ആദായനികുതി വകുപ്പ് സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും തുക ചെലവഴിക്കരുതെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, പിന്‍വലിച്ച ഒരു കോടി രൂപ ബാങ്കില്‍ തിരിച്ചടയ്ക്കാനെത്തിയെങ്കിലും പണം അക്കൗണ്ടില്‍ അടപ്പിച്ച് ആദായനികുതി വകുപ്പ് കണ്ടുകെട്ടുകയായിരുന്നു.
കേസിലെ സമന്‍സും തുടര്‍നടപടികളും സ്റ്റേ ചെയ്യുക, പണം മടക്കിനല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് എം.എം. വര്‍ഗീസ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. അക്കൗണ്ടുമായി ബന്ധപ്പെട്ട് ഇതുവരെ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിനു ബാങ്ക് നല്‍കിയിരിക്കുന്ന കത്തുകള്‍ പ്രഥമദൃഷ്ട്യാ സൂചിപ്പിക്കുന്നതെന്നു കോടതി പറഞ്ഞു.
അക്കൗണ്ട് മരവിപ്പിച്ച ഉത്തരവിന് 60 ദിവസത്തിലേറെ കാലാവധിയില്ല. അതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി. കണക്കില്‍പ്പെടാത്ത പണം സിപിഎമ്മിന്റെ അക്കൗണ്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.
ബാങ്ക് അക്കൗണ്ട് പാനുമായി ലിങ്ക് ചെയ്തിട്ടില്ലെന്നും സിപിഎം നല്കിയ രേഖകളില്‍ അക്കൗണ്ടിനെക്കുറിച്ചു പറയുന്നില്ലെന്നും വാദിച്ചു. പാനുമായി ലിങ്ക് ചെയ്യാന്‍ പറ്റാതിരുന്നത് ടൈപ്പിംഗ് തെറ്റാണെന്നും ബാങ്കിന്റെ പിഴവാണെന്നുമാണ് ഹര്ജിക്കാരന് അറിയിച്ചത്.
എന്നാല്‍, 2010 മുതല്‍ ബാങ്ക് കെവൈസി രേഖകള്‍ ആവശ്യപ്പെടുന്നുണ്ട്. പാനുമായി അക്കൗണ്ട് ബന്ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാലിതിന് സിപിഎം തയാറായില്ല.
4.81 കോടി രൂപ ബാലന്‍സുള്ള കറന്റ് അക്കൗണ്ടില്‍നിന്ന് ഒരു കോടി രൂപ പിന്‍വലിച്ചെന്ന് വിവരം ലഭിച്ചു. വെളിപ്പെടുത്താത്ത തുക ഈ അക്കൗണ്ടിലുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നുമാണ് ഇതു സൂചിപ്പിക്കുന്നതെന്ന് ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചു.