ഇന്ത്യാ മുന്നണിയെയും ഉമ്മൻ ചാണ്ടിയെയും അപമാനിച്ചെന്ന് കെ. സുധാകരൻ
Saturday, May 3, 2025 3:24 AM IST
തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടനവേദിയിൽ ഇന്ത്യാ മുന്നണിയെ പ്രധാനമന്ത്രിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയും അപമാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. മുഖ്യമന്ത്രിയെത്തന്നെ പ്രധാനമന്ത്രി അപമാനിച്ചിട്ടും ബിജെപി സംസ്ഥാന അധ്യക്ഷനെ വേദിയിലും സിപിഎം സംസ്ഥാന സെക്രട്ടറിയെ സദസിലും ഇരുത്തിയിട്ടും മുഖ്യമന്ത്രി പ്രതിഷേധിച്ചില്ല.
കേന്ദ്രത്തിൽനിന്ന് വായ്പയായി അനുവദിച്ച 817 കോടി രൂപയുടെ വിജിഎഫ് ഗ്രാന്റായി മാറ്റണമെന്ന് ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നാവ് പൊന്തിയില്ല. സിംഹഭാഗം മുതൽമുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നിൽ ഓച്ഛാനിച്ചു നില്ക്കേണ്ട കാര്യമുണ്ടായിരുന്നില്ല. മാസപ്പടി കേസിലും സ്വർണക്കടത്തു കേസിലുമൊക്കെ കുടുങ്ങിക്കിടക്കുന്ന മുഖ്യമന്ത്രിയിൽനിന്ന് കൂടുതൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ല.
മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തിയതും എഴുന്നള്ളിക്കുന്നതുമായ ശക്തിയെ വണങ്ങുന്നത് സ്വാഭാവികമാണെന്ന് സുധാകരൻ പറഞ്ഞു. അനേകം കേസുകളിൽ കുടുക്കിയും റെയ്ഡുകൾ നടത്തിയും ലോക്സഭാംഗത്വം തന്നെ എടുത്തുകളഞ്ഞും ഇന്ത്യാ മുന്നണിയുടെ നെടുംതൂണ് രാഹുൽ ഗാന്ധിയുടെ ഉറക്കംകെടുത്താൻ ശ്രമിച്ചിട്ട് ഉറക്കം നഷ്ടപ്പെട്ടത് മോദിയുടേതാണ്.
രണ്ടു ഘടകകക്ഷികളുടെ ഊന്നുവടിയിൽ തൂങ്ങിനിന്നു ഭരിക്കേണ്ട സാഹചര്യം മോദിക്കുണ്ടാക്കിയത് രാഹുൽ ഗാന്ധിയാണ്. രാജ്യത്ത് ഫാസിസത്തെയും ഏകാധിപത്യത്തെയും തടഞ്ഞുനിർത്തിയിരിക്കുന്നതും രാഹുൽ ഗാന്ധിയാണ്.
വിഴിഞ്ഞം തുറമുഖത്തിന്റെ യഥാർഥ ശില്പി ഉമ്മൻ ചാണ്ടിയുടെ പേരു പറയാൻ പിണറായി വിജയനു നാവ് പൊന്തിയില്ല. 1996ലെ ഇടതു സർക്കാരാണ് വിഴിഞ്ഞം പദ്ധതിക്കു തുടക്കമിട്ടതെന്ന് പിണറായി ആവർത്തിച്ചു കള്ളം പറയുന്നു.
1990-95ലെ കെ. കരുണാകരൻ, എ.കെ. ആന്റണി സർക്കാരുകളുടെ കാലത്ത് തുറമുഖമന്ത്രിയായിരുന്ന എം.വി. രാഘവനിലാണ് തുടക്കം. ഉമ്മൻ ചാണ്ടി എല്ലാ പ്രക്രിയകളും സുതാര്യമായി പൂർത്തിയാക്കി 2015ൽ വച്ച കരാറിൽ കുഴപ്പമുണ്ടെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നു.
ആ കരാർ പ്രകാരം മുന്നോട്ടു പോയാണ് പിണറായി വിജയൻ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം വരെ നടത്തിയത്. പദ്ധതിയെ അട്ടിമറിക്കാൻ ആരോപണങ്ങൾ ഉന്നയിക്കുകയും പ്രക്ഷോഭം നയിക്കുകയും ചെയ്ത പിണറായി വിജയൻതന്നെ വിഴിഞ്ഞം പദ്ധതിയുടെ കർമയോഗിയും ശില്പിയുമായത് വിധിവൈപരീത്യമെന്നും സുധാകരൻ പറഞ്ഞു.