നവീന്റെ മരണം: ടി.വി. പ്രശാന്തന്റെ സസ്പെൻഷൻ നീട്ടി
Thursday, May 1, 2025 2:52 AM IST
പരിയാരം: എഡിഎം കെ. നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരൻ ടി.വി. പ്രശാന്തന്റെ സസ്പെൻഷൻ മൂന്നു മാസത്തേക്കുകൂടി നീട്ടി ആരോഗ്യവകുപ്പ്.
എഡിഎമ്മിനു കൈക്കൂലി നൽകിയെന്ന്, അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ പരസ്യമായി പ്രഖ്യാപിച്ചതും സർക്കാർ ജീവനക്കാരനായിരിക്കെ സ്വകാര്യ ബിസിനസ് സംരംഭത്തിൽ ഏർപ്പെട്ടതും ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്നു കാണിച്ചാണ് ആറ് മാസം മുന്പ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്.
സർക്കാർ സർവീസിൽ ഇനി പ്രശാന്ത് ഉണ്ടാകില്ലെന്ന് അന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. സംഭവത്തിൽ തുടരന്വേഷണമോ കൂടുതൽ അച്ചടക്കനടപടിയോ സ്വീകരിക്കാൻ വകുപ്പ് ഇതുവരെ തയാറായിട്ടില്ല.
2024 ഒക്ടോബർ 15ന് പുലർച്ചെയാണ് എഡിഎം കെ. നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.