കൈക്കൂലി: തൃശൂർ ആർടി ഓഫീസിലെ രണ്ട് എംവിഐമാർ പിടിയിൽ
Thursday, May 1, 2025 2:51 AM IST
തൃശൂർ: ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്പോൾ ഡ്രൈവിംഗ് സ്കൂൾ ഏജന്റിൽനിന്നു കൈക്കൂലി കൈപ്പറ്റിയ തൃശൂർ ആർടി ഓഫീസിലെ രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വിജിലൻസിന്റെ പിടിയിലായി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എ.പി. കൃഷ്ണകുമാർ, കെ.ജി. അനീഷ് എന്നിവരെയാണു വിജിലൻസ് ഡിവൈഎസ്പി സി.ജി. ജിംപോളിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കൃഷ്ണകുമാറിൽനിന്ന് 42,000 രൂപയും അനീഷിൽനിന്ന് 30,000 രൂപയും പിടികൂടി. ഡ്രൈവിംഗ് സ്കൂളിന്റെ വിവിധ ആവശ്യങ്ങൾ നടത്തിക്കിട്ടാനായി കൈമാറിയ പണമാണിതെന്നു ബോധ്യപ്പെട്ടതായി ഡിവൈഎസ്പി പറഞ്ഞു.
വെസ്റ്റ് ഫോർട്ട് ഡ്രൈവിംഗ് സ്കൂൾ ഏജന്റ് വി.വി. ഹരിദാസിൽനിന്ന് കമ്മീഷൻതുകയായ 7,500 രൂപയും കണ്ടെടുത്തു. എംവിഐമാർ കൈക്കൂലിപ്പണം കൈപ്പറ്റുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒളരി എസ്എൻ പാർക്ക് റോഡിൽ ഏജന്റിനെ കാണാൻ കാറിലെത്തിയപ്പോഴാണ് എംവിഐമാർ പിടിയിലായത്.
വിജിലൻസ് സംഘത്തിൽ ഗസറ്റഡ് ഉദ്യോഗസ്ഥനായ സാറ്റിഷ് സൈമൺ, ഇൻസ്പെക്ടർ ജയേഷ് ബാലൻ എന്നിവരും ഉണ്ടായിരുന്നു.