ക്രൈസ്തവ ജീവനക്കാര്‍ക്കെതിരായ നീക്കം ; അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി
Thursday, May 1, 2025 2:51 AM IST
ബിനു ജോർജ്
കോഴിക്കോട്: ക്രൈസ്തവ വിശ്വാസികളായ ജീവനക്കാര്‍ വരുമാന നികുതി അടയ്ക്കുന്നില്ലെന്ന അടിസ്ഥാനരഹിതമായ പരാതിയില്‍ അന്വേഷണം നടത്തണമെന്നു നിര്‍ദേശിച്ചതുപോലുള്ള ഗുരുതരമായ വീഴ്ചകള്‍ ഭാവിയില്‍ ആവർത്തിക്കാതിരിക്കാൻ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ബി.ടി. ബിജുകുമാറിനെ ചുമതലപ്പെടുത്തി.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ആരെങ്കിലും ഇത്തരം പരാതി നല്കിയാല് അത് വിശദമായി പരിശോധിക്കുന്നതിനു പകരം മതസ്പര്‍ധ സൃഷ്ടിക്കുംവിധം നടപടി സ്വീകരിക്കുന്നത് ഒഴിവാക്കുന്നതിനും മലപ്പുറം സംഭവത്തിൽ ഉന്നതോദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നതിനുമാണ് ജോയിന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് മന്ത്രി നിർദേശിച്ചിരുന്നു.
ക്രിസ്ത്യാനികളായ ജീവനക്കാര്‍ക്കെതിരേ ലഭിച്ച പരാതിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ വിശദമായ പരിശോധന നടത്തുന്നതിനു പകരം തുടര്‍നടപടി സ്വീകരിക്കുന്നതിനായി എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കു ഫെബ്രുവരി 13ന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് വിവാദമായ സാഹചര്യത്തില്‍ തുടര്‍നടപടി മരവിപ്പിച്ച് ഫെബ്രുവരി 21ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നു നിര്‍ദേശം നല്‍കിയിരുന്നു.
ആ നിര്‍ദേശം ലംഘിച്ച് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗീതാകുമാരി ഇതുസംബന്ധിച്ച നിര്‍ദേശം കീഴ് ഓഫീസുകളിലേക്കു കൈമാറി. ഇതുപ്രകാരം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് എ.കെ. ഷാഹിന തന്റെ അധികാരപരിധിയില്‍ വരുന്ന സ്കൂളിലേക്ക് ഇതുസംബന്ധിച്ച വിവരം ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയതോടെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.
കെസിബിസി ശക്തമായ പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂണിയര്‍ സൂപ്രണ്ട്, അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട്, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡു ചെയ്തിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയാണ് ക്രൈസ്തവ ജീവനക്കാര്‍ക്കെതിരായി അടിസ്ഥാനരഹിതമായ പരാതി നല്‍കിയത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എയിഡഡ് സ്കൂള്‍ അധ്യാപകര്‍ മറ്റെല്ലാ ഉദ്യോഗസ്ഥരെയുംപോലെ നികുതി നിയമങ്ങള്‍ക്കു വിധേയരാണെന്നിരിക്കെയാണ് ഇക്കാര്യം പരിശോധനാ വിധേയമാക്കാതെ ഉദ്യോഗസ്ഥര്‍ തുടര്‍നടപടിക്ക് നിര്‍ദേശം നല്‍കിയത്.