വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം: വി.ഡി. സതീശൻ
Thursday, May 1, 2025 1:42 AM IST
കോട്ടയം: വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കോട്ടയത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കലാണു പിണറായി വിജയന് ചെയ്യുന്നത്.
ഉമ്മന്‍ചാണ്ടി വിഴിഞ്ഞം തുറമുഖ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടും കടല്‍ക്കൊള്ളയുമാണ് വിഴിഞ്ഞം പദ്ധതിയെന്ന ആരോപണമാണ് ഉയര്‍ത്തിയത്. ഇതു യാഥാര്‍ഥ്യമാകുമ്പോള്‍ ക്രെഡിറ്റ് എടുക്കാന്‍ വരുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രത്തെ ഓര്‍മിപ്പിക്കും വിധമാണെന്നും വി.ഡി. സതീശന് ആരോപിച്ചു.
2019 -ൽ പൂര്‍ത്തിയാക്കേണ്ട വിഴിഞ്ഞം പദ്ധതി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ് ആറു വര്‍ഷം വൈകിയത്. 2017 പൂര്‍ത്തിയാക്കേണ്ട റോഡ് കണക്ടിവിറ്റി, 2019 പൂര്‍ത്തിയാക്കേണ്ട വിഴിഞ്ഞം റെയില്‍ പാതയില്‍ 2025 ആയിട്ടും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കില്ല. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവും, വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവും തമ്മില്‍ കൂട്ടിക്കലര്‍ത്തേണ്ട.
തനിക്ക് ക്ഷണക്കത്ത് നല്‍കിയത് പരിപാടി നടക്കുന്നതിന്റെ തലേദിവസം മാത്രമാണെന്നും, പ്രധാനമന്ത്രി വരുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഇത്തരത്തിലുള്ള നടപടിയാണോ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ആണോ, അതോ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനാണോ പ്രധാനമന്ത്രി വരുന്നത് എന്ന് ബിജെപിയും സിപിഎമ്മും വ്യക്തമാക്കട്ടെയെന്നും വി.ഡി. സതീശന് പ്രതികരിച്ചു.
ലോകബാങ്കിന്റെ 140 കോടി രൂപ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചിരിക്കുകയാണ്. ഇത് കുറ്റകൃത്യമാണ്. ഇത്തരത്തില്‍ പൈസയില്ലാത്ത സര്‍ക്കാരാണ് 100 കോടി രൂപ ചെലവഴിച്ച് നാലാം വാര്‍ഷികാഘോഷം ജനങ്ങളുടെ പണമെടുത്ത് ആര്‍ഭാടമായി നടത്തുന്നതെന്നും വി.ഡി. സതീശന് ആരോപിച്ചു.