എൻഎച്ച്എ പദ്ധതി ; ജിഎസ്ടിയിലെ സംസ്ഥാന വിഹിതവും റോയൽറ്റിയും ഒഴിവാക്കും
Thursday, May 1, 2025 1:42 AM IST
തിരുവനന്തപുരം: ദേശീയപാതാ അഥോറിറ്റി കേരളത്തിൽ നടപ്പാക്കുന്ന എല്ലാ പദ്ധതികളിലെയും നിർമാണ വസ്തുക്കളുടെ ജിഎസ്ടിയിലെ സംസ്ഥാന വിഹിതവും റോയൽറ്റിയും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ദേശീയപാതാ വികസനത്തിൽ നാഴികക്കല്ലായി മാറാൻ പോകുന്നതാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണു നടപടി. നിലവിൽ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി നിർമാണ വസ്തുക്കൾക്കും മറ്റും റോയൽറ്റി ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഒഴിവാക്കി നൽകിയിരുന്നത്.
കേരളത്തിന്റെ വികസനത്തിന് ദേശീയപാതാ വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യമാണെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഇതു സംബന്ധിച്ച വിശദമായ നിർദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കു സമർപ്പിച്ചിരുന്നു.
സംസ്ഥാനത്തിന്റെകൂടി പങ്കാളിത്തം ഇത്തരം പദ്ധതികളിൽ വേണമെന്ന ആവശ്യം കേന്ദ്രമന്ത്രിതന്നെ മുന്നോട്ടു വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.