സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; സരസ് മേളയ്ക്കായി നൂറ് രൂപയുടെ കൂപ്പണ്‍ പിരിവ് വിവാദത്തില്‍
Thursday, May 1, 2025 1:42 AM IST
കോഴിക്കോട്: സരസ് മേളയുടെ പേരില്‍ സമ്മാനക്കൂപ്പണ്‍ ഇറക്കിയും പണപ്പിരിവ് തുടരുന്നു.ബീച്ചില്‍ നാളെ ആരംഭിക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള കുടുംബശ്രീയുടെ സരസ് മേളയ്ക്കായി അയല്‍ക്കൂട്ടങ്ങളില്‍നിന്ന് ഉള്‍പ്പെടെ 2000 രൂപയുടെ പിരിവ് നടത്തുന്നതായാണ് ആരോപണം.
പരിപാടി നടത്തിപ്പിന്റെ ഭാഗമായി കുടുംബശ്രീ 100 രൂപയുടെ സമ്മാനക്കൂപ്പണ്‍ ഇറക്കിയിട്ടുണ്ട്.കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുതോറും കയറി കൂപ്പണ്‍ പിരിക്കുകയാണിപ്പോള്. കൂപ്പണില്‍ അഞ്ചു സമ്മാനങ്ങളാണു വാഗ്ദാനം ചെയ്യുന്നത്. തുച്ഛമായ സമ്മാനങ്ങള്‍ കാണിച്ച് കോടികള്‍ പിരിക്കുകയാണു ലക്ഷ്യമെന്ന് ആരോപണമുണ്ട്.
കോടികള്‍ മുടക്കി നടത്തുന്ന സരസ് മേളയുടെ പിരിവ് നടത്തുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കുടുംബശ്രീ മിഷന്റെ പേരില്‍ 100 രൂപ സമ്മാനക്കൂപ്പണ്‍ അടിച്ചുകൊണ്ട് ഓരോ അംഗത്തില്‍നിന്നും 100 രൂപ വീതം നിര്‍ബന്ധമായി പിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി ആവശ്യപ്പെട്ടു.
കുടുംബശ്രീയെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ തട്ടിപ്പ് അവസാനിപ്പിക്കണമെന്നും കുടുംബശ്രീ അംഗങ്ങളില്‍നിന്നു പിരിച്ചെടുത്ത തുക അവര്‍ക്ക് തിരിച്ചുനല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.