അതിരപ്പള്ളി പദ്ധതി നടപ്പാക്കാൻ പുതുവഴി തേടി കെഎസ്ഇബി
Wednesday, April 30, 2025 2:39 AM IST
തിരുവനന്തപുരം: വ്യാപകമായ എതിർപ്പിനെ തുടർന്ന് നിർത്തിവച്ച അതിരപ്പള്ളി ജലവൈദ്യുത പദ്ധതി പുതിയ രീതിയിൽ നടപ്പാക്കാൻ കെഎസ്ഇബി.
ജലവൈദ്യുതി ഉത്പാദനത്തിനൊപ്പം വിനോദസഞ്ചാര സാധ്യത പതിന്മടങ്ങ് വർധിപ്പാക്കാൻ സഹായകമാണെന്നു ചൂണ്ടിക്കാട്ടിയാണ് പദ്ധതി നടപ്പാക്കാൻ കെഎസ്ഇബി നീക്കം നടത്തുന്നത്. ഇതിനായി സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ടൂറിസം കം പവർ ജനറേഷൻ പ്രോജക്ടിനുള്ള സാധ്യതാ പഠനം നടത്തിവരികയാണെന്ന് കെഎസ്ഇബി അറിയിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിനായി പ്രധാനമായും അഞ്ച് കാര്യങ്ങളാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. മഴയില്ലാത്ത സാഹചര്യങ്ങളിൽ അതിരപ്പിള്ളിക്ക് മുകൾഭാഗത്തുള്ള പെരിങ്ങൽകുത്ത്, ഷോളയാർ എന്നീ ജലവൈദ്യുത പദ്ധതികൾ രാത്രി സമയത്തു മാത്രമാണ് പൂർണതോതിൽ പ്രവർത്തിക്കുന്നത്.
ഇങ്ങനെ രാത്രിയിൽ വെള്ളച്ചാട്ടത്തിലൂടെ പ്രയോജനമില്ലാതെ ഒഴുകിപ്പോകുന്ന ജലം അതിരപ്പിള്ളി പദ്ധതിയുടെ ഭാഗമായുള്ള ജലാശയത്തിൽ ശേഖരിച്ചാൽ പകൽ സമയത്ത് വെള്ളച്ചാട്ടത്തിലൂടെ തുറന്നു വിട്ട് കഴിയുമെന്നും ഇതുവഴി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത വർധിപ്പിക്കാം. ഇതിലൂടെ വർഷം മുഴുവൻ വിനോദസഞ്ചാരികൾക്ക് അതിരപ്പിള്ളിയുടെ മനോഹാരിത ആസ്വദിക്കാൻ കഴിയുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന ജലാശയത്തിൽ ബോട്ടിംഗ്, റോപ് വേ, സിപ് ലൈൻ തുടങ്ങിയവ ഒരുക്കിയാൽ വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ കഴിയും.
സീപ്ലെയിൻ സർവീസിന് അനുമതി ലഭിച്ചാൽ ജലാശയത്തിൽ സീപ്ലെയിൻ ഇറക്കുകയുമാകാം. ഇതു വഴി വിനോദ സഞ്ചാര സാധ്യത വീണ്ടും വർധിക്കും. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് പദ്ധതിയുടെ ഭാഗമായി കെഎസ്ഇബി ഏറ്റെടുക്കുന്ന സ്ഥലത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയും ഇങ്ങനെയുള്ള വാദങ്ങളാണ് പദ്ധതി നടപ്പാക്കുന്നതിനായി മുന്നോട്ടുവയ്ക്കുന്നത്.