മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137.8 അടി, നീരൊഴുക്ക് ശക്തമായി
Sunday, October 19, 2025 12:51 AM IST
പ്രസാദ് സ്രാന്പിക്കൽ
കുമളി : കനത്ത മഴയിൽ വെള്ളിയാഴ്ച രാത്രി 11ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് കുതിച്ചൊഴുകിയെത്തിയത് സെക്കൻഡിൽ 40,733 ഘനയടി വെള്ളം. തമിഴ്നാട് വെള്ളിയാഴ്ച രാത്രി 11ന് പുറത്തിറക്കിയ മുന്നറിയിപ്പ് നോട്ടീസിലാണ് ഈ വിവരം.
അണക്കെട്ടിലേക്ക് സെക്കൻഡിൽ 50000 ഘനയടിക്കു മുകളിൽ ഒഴുകിയെത്തിയതായാണ് അനൗദ്യോഗിക കണക്ക്. മഹാപ്രളയത്തിനു സമാനമായ സാഹചര്യമാണ് അണക്കെട്ടിൽ ഒറ്റ രാത്രിയിൽ ഉണ്ടായത്.
ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാൻ സ്പിൽവേയുടെ 13 ഷട്ടറുകളും ഒരു മീറ്റർ ഉയർത്തി ജലം പെരിയാറ്റിലേക്ക് ഒഴുക്കി. സെക്കൻഡിൽ 7163 ഘനയടി വെള്ളമാണ് പെരിയാറ്റിലേക്ക് ഒഴുക്കുന്നതെന്നാണ് തമിഴ്നാടിന്റെ കുറിപ്പിലുള്ളത്.
പെരിയാറ്റിൽ ജലനിരപ്പ് ഉയർന്ന് തീരങ്ങളിലുള്ള വീട്ടുകളിൽ വെള്ളം കയറി.സ്പിൽവേ ഷട്ടറുകൾ ഉയർത്തിയത് പകലായിരുന്നതിനാൽ ഉദ്യോഗസ്ഥരും ജനങ്ങളും ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നു.
ഇന്നലെ വൈകുന്നേരം ആറിന് അണക്കെട്ടിലെ ജലനിരപ്പ് 137.8 അടിയിലെത്തിയിരുന്നു.