ബെത്ലഹേം അഭയഭവൻ സ്ഥാപക മേരി എസ്തപ്പാൻ അന്തരിച്ചു
Sunday, October 19, 2025 12:08 AM IST
പെരുമ്പാവൂർ: ആയിരക്കണക്കിന് അഗതികൾക്ക് അഭയമൊരുക്കിയ കൂവപ്പടി ബെത്ലഹേം അഭയഭവൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപകയും പ്രസിഡന്റുമായ മേരി എസ്തപ്പാൻ (67) അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്കാരം പിന്നീട്.
കഴിഞ്ഞ 28 വർഷത്തിനിടെ 5000 ത്തിലധികം തെരുവിലെ മക്കൾ അഭയഭവനിലെ അന്തേവാസികളായി. നിലവിൽ 400ലധികം പേരെ ഇവിടെ സംരക്ഷിക്കുന്നുണ്ട്. വിവിധ സന്നദ്ധസേവന പ്രവർത്തനങ്ങളിലും ഇവർ സജീവമായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മികവിന് സംസ്ഥാന സർക്കാരിന്റെ 2017 ലെ പ്രഥമ അക്കാമ്മ ചെറിയാൻ വനിതാരത്ന പുരസ്കാരം മേരി എസ്തപ്പാന് ലഭിച്ചു.
കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ അവാർഡ്, മഹാത്മാ ഫുലെ നാഷണൽ എക്സലൻസി അവാർഡ്, ഗാന്ധിഭവൻ സ്മാരക അവാർഡ്, സർവോദയം കുര്യൻ അവാർഡ്, മർത്ത മറിയം പുരസ്കാരം തുടങ്ങി വിവിധ അംഗീകാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് എട്ടിന് അഭയഭവന്റെ ആവശ്യത്തിനായി തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ അടൂരിലായിരുന്നു വാഹനാപകടം. ആഴ്ചകളായി ചികിത്സയിലായിരുന്നു.
തോട്ടുവ മോളത്താൻ കുടുംബാംഗമാണ്. മക്കൾ : നിഷ എസ്തപ്പാൻ, അനു എസ്തപ്പാൻ, ബിനു എസ്തപ്പാൻ. മരുമക്കൾ : സെൻസി (കൂരൻ, അങ്കമാലി), ടിന അനു, ടീന ബിനു.