കത്തോലിക്ക കോണ്‍ഗ്രസ് യാത്രയ്ക്ക് കോതമംഗലത്ത് ഉജ്വല സ്വീകരണം
Sunday, October 19, 2025 12:51 AM IST
കോതമംഗലം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് കോതമംഗലം രൂപതയില്‍ ആവേശോജ്വല സ്വീകരണം. ഇന്നലെ വൈകുന്നേരം കോതമംഗലത്ത് എത്തിയ യാത്രയെ സമ്മേളന വേദിയായ സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലേക്ക് പതാകകളുടെയും മുദ്രാവാക്യങ്ങളുടെയുംവാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു.
രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ അര്‍ഹമായ ആവശ്യങ്ങള്‍ക്കുനേരേ വീണ്ടും സര്‍ക്കാര്‍ മുഖം തിരിക്കുകയാണെങ്കില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ക്ക് കേരളം വേദിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദിനചര്യ പോലെ സമുദായത്തെ പുലഭ്യം പറയുന്ന രാഷ്ട്രീയ നേതാക്കള്‍ മര്യാദ പുലര്‍ത്തണമെന്നും അവഗണനയും അധിക്ഷേപവും തുടര്‍ന്നാല്‍ കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്നും ജാഥാ ക്യാപ്റ്റനും ഗ്ലോബല്‍ പ്രസിഡന്റുമായ പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു.
രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍, രൂപത ഡയറക്ടര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്, വികാരി ജനറാള്‍ മോണ്‍.ഡോ. വിന്‍സെന്റ് നെടുങ്ങാട്ട്, കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കല്‍, മുന്‍ ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയനിലം, ജോസുകുട്ടി ഒഴുകയില്‍, ജോയ്സ് മേരി ആന്റണി, മത്തച്ചന് കളപ്പുരക്കല്‍, തമ്പി പിട്ടാപ്പിള്ളില്‍, ബെന്നി ആന്റണി, രാജേഷ് ജോണ്‍, ടോണി പുഞ്ചക്കുന്നേല്‍, ട്രീസാ ലിസ് സെബാസ്റ്റ്യന്‍, ജോര്‍ജ് കോയിക്കല്‍, ബിജു സെബാസ്റ്റ്യന്‍, ഷൈജു ഇഞ്ചക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
രൂപതയിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി വൈദികരും സന്യസ്തരും പ്രവര്‍ത്തകരുമടക്കം ആയിരങ്ങള്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു. രൂപതയിലെ വിവിധ സംഘടനാപ്രതിനിധികള്‍ ജാഥാ ക്യാപ്റ്റനും സഹയാത്രികര്‍ക്കും ഹാരാര്‍പ്പണം നടത്തി