മൊസാംബിക് ബോട്ടപകടം; കാണാതായവരിൽ രണ്ടു മലയാളികളും
Sunday, October 19, 2025 12:51 AM IST
കൊച്ചി/കൊല്ലം: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് എണ്ണക്കപ്പലിലേക്ക് ജീവനക്കാരെ കൊണ്ടുപോകുകയായിരുന്ന ബോട്ട് മുങ്ങി കടലില്‍ കാണാതായവരിൽ രണ്ടു മലയാളികളും.
കപ്പലിലെ മെക്കാനിക്കല്‍ എന്‍ജിനിയറായ പിറവം എടയ്ക്കാട്ടുവയല്‍ വെളിയനാട് പോത്തന്‍കുടിലില്‍ ഇന്ദ്രജിത് സന്തോഷ് (22), കൊല്ലം തേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണൻ(35) എന്നിവരെയാണു കാണാതായത്. ഇവരുൾപ്പെടെ കാണാതായ അഞ്ച് ഇന്ത്യക്കാർക്കായുള്ള തെരച്ചില്‍ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്.
മൂടല്‍മഞ്ഞ് മൂലം തെരച്ചില്‍ സംഘത്തിന് ഇതുവരെയും ബോട്ടിന് അടുത്തെത്താന്‍ സാധിച്ചിട്ടില്ല. എംപിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ഹൈബി ഈഡന്, അനൂപ് ജേക്കബ് എംഎല്‍എ എന്നിവര്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വീട്ടുകാര്‍ അറിയിച്ചു.
മാര്‍ഷല്‍ ദ്വീപിന്റെ പതാകയുള്ള "സീ ക്വസ്റ്റ്’ എന്ന ചരക്കുകപ്പലിലേക്ക് നാവികരെ കൊണ്ടുപോകുന്ന ബോട്ടാണ് പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെ അപകടത്തിൽപ്പെട്ടത്.
സ്കോര്‍പിയോ മറൈന്‍ മാരിടൈം മാനേജ്മെന്റ് എന്റർപ്രൈസസ് ഷിപ്പിംഗ് കമ്പനിയുടേതാണു കപ്പൽ. കടല്‍ക്ഷോഭത്തിനിടെ ബോട്ട് കപ്പലിലേക്ക് അടുപ്പിക്കുമ്പോള്‍ ഇടിച്ച് മുങ്ങുകയായിരുന്നു. 21 ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.15 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരിൽ കോന്നി സ്വദേശി ആകാശും ഉൾപ്പെടുന്നു.
ഈ മാസം 14 നാണ് ഇന്ദ്രജിത് ജോലിക്കായി വീട്ടില്‍നിന്നു പോയത്. അച്ഛന് സന്തോഷ് ജോലി ചെയ്യുന്ന അതേ കമ്പനിയിലാണ് ഇന്ദ്രജിത്തും ജോലിക്കു കയറിയത്. കപ്പലുകളുടെ അറ്റകുറ്റപ്പണികളുടെ കരാര്‍ ഏറ്റെടുത്തു ചെയ്യുന്ന ഈ കമ്പനിയുടെ അധികൃതര്‍ ഇന്ദ്രജിത്തിന്റെ വീട്ടിലെത്തി വിവരങ്ങള്‍ പങ്കുവച്ചു.
മൂന്നു വർഷമായി മൊസാംബിക്കിൽ ജോലി ചെയ്യുന്ന ശ്രീരാഗ് ആറു മാസമായി നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും മൊസാംബിക്കിലേക്കു പോയത്. ചൊവ്വാഴ്ച വീട്ടിലേക്ക് വിളിച്ചിരുന്നു.