പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിംഗ് കോളജിന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരം
Sunday, October 19, 2025 12:08 AM IST
തിരുവനന്തപുരം: പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിംഗ് കോളജിന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്സിംഗ് കോളജുകള്‍ക്കും അനുമതി ലഭ്യമായി.
ഈ സര്‍ക്കാരിന്റെ കാലത്ത് 22 സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്സിംഗ് കോളജുകളാണ് ആരംഭിച്ചത്. നാല് മെഡിക്കല്‍ കോളജുകള്‍ക്കും അനുമതി ലഭിച്ചിരുന്നു. ഇതോടെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജും നഴ്സിംഗ് കോളജും ഉള്ള സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍ഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജനറല്‍ ആശുപത്രി കാമ്പസ്, കൊല്ലം, മഞ്ചേരി എന്നിവിടങ്ങളിലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മേഖലയില്‍ നഴ്സിംഗ് കോളജ് ആരംഭിച്ചത്.
സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ സിമെറ്റിന്റെ കീഴില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല, കോന്നി, നൂറനാട്, താനൂര്‍, തളിപ്പറമ്പ്, ധര്‍മടം, ചവറ എന്നിവിടങ്ങളിലും, കേപ്പിന്റെ കീഴില്‍ ആറന്മുള, ആലപ്പുഴ, പത്തനാപുരം എന്നിവിടങ്ങളിലും, കാപ്സിന്റെ കീഴില്‍ കാഞ്ഞിരപ്പള്ളി, സീതത്തോട്, കൊട്ടാരക്കര എന്നിവിടങ്ങളിലുമാണ് നഴ്സിംഗ് കോളജുകള്‍ ആരംഭിച്ചത്. സ്വകാര്യ മേഖലയില്‍ 20 നഴ്സിംഗ് കോളജുകൾക്കും അനുമതി നല്കി.