നെടുങ്കണ്ടത്ത് മിന്നൽ പ്രളയം
Sunday, October 19, 2025 12:51 AM IST
ബെന്നി മുക്കുങ്കൽ
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ നെടുങ്കണ്ടം മേഖല വിറങ്ങലിച്ചു. തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ കനത്ത മഴയായിരുന്നു. ചില മേഖലകളിൽ അഞ്ചുമണിക്കൂറോളം തോരാതെ മഴപെയ്തു.
നെടുങ്കണ്ടം കല്ലാർ പുഴയിൽ വെള്ളം ഉയർന്നതോടെ 300ലേറെ വീടുകളിലും നൂറിലേറെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ നിർത്തിയിട്ടിരുന്ന ട്രാവലർ, കാർ, ഓട്ടോറിക്ഷ ഉൾപ്പെടെ അഞ്ചു വാഹനങ്ങൾ ഒലിച്ചുപോയി.
ഇന്നലെ പുലർച്ചെ 4.30ന് കല്ലാർ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. മുണ്ടിയെരുമയിൽ ഒരു വീട് പൂർണമായും വെള്ളത്തിൽ മുങ്ങി. വീട്ടുകാരെ ഭിത്തി തുരന്ന് വീടിന്റെ മുകളിലെത്തിച്ച് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
കനത്ത മഴയിൽ കുമളി, വണ്ടിപ്പെരിയാർ മേഖലകളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി.