സപ്ലൈകോയില്‍ സ്ത്രീ ഉപഭോക്താക്കള്‍ക്കു 10 ശതമാനം വിലക്കുറവ് നല്‍കും: മന്ത്രി ജി. ആർ. അനിൽ
Sunday, October 19, 2025 12:08 AM IST
കൊച്ചി: നവംബര്‍ ഒന്നുമുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്കു സപ്ലൈകോ വില്പനശാലകളില് സബ്സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് പത്തു ശതമാനം വരെ വിലക്കുറവ് നല്‍കുമെന്ന് മന്ത്രി ജി.ആര്. അനില്‍.
സപ്ലൈകോ ആശ്രയിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീ ഉപയോക്താക്കളാണെന്നതുകൂടി കണക്കിലെടുത്താണ് പുതിയ നീക്കമെന്നും മന്ത്രി പറഞ്ഞു. ബോള്‍ഗാട്ടി പാലസില്‍ നടന്ന സപ്ലൈകോ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടം മന്ത്രി പി. രാജീവ് നിർവഹിച്ചു.
നവംബര്‍ ഒന്നുമുതല്‍ വിവിധതരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണു നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയില്‍ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും.
ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 കിലോഗ്രാം അരി നല്‍കുമെന്നും മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. സപ്ലൈകോ ഓണം ലക്കി ഡ്രോ സമ്മാന വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
ചടങ്ങില്‍ സപ്ലൈകോയുടെ വിതരണക്കാരെയും മറ്റു ബന്ധപ്പെട്ടവരെയും ആദരിച്ചു. കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ വി.എം. ജയകൃഷ്ണന്, കേരള ബാങ്ക് സിഇഒ ജോര്‍ട്ടി എം. ചാക്കോ, സപ്ലൈകോ ജനറല്‍ മാനേജര്‍ വി.കെ. അബ്ദുള്‍ ഖാദര്‍, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പ്രസിഡന്റ് ഡി.ബി. ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.
മാറ്റത്തിനൊരുങ്ങി സപ്ലൈകോ
കാലത്തിനൊപ്പം മാറാന്‍ തയാറെടുത്ത് സപ്ലൈകോ.ബിസിനസ് സ്ഥാപനം എന്നനിലയില്‍ സപ്ലൈകോയെ വളര്‍ത്തുന്നതു ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയില്‍ ശൃംഖലകളോടു കിടപിടിക്കത്തക്ക വിധത്തില്‍ ഇതിനനുസൃതമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും സപ്ലൈകോ അണിയറയില്‍ ഒരുങ്ങുകയാണ്.
മാറ്റങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കു പ്രിവിലേജ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. ഇതുവഴി ഓരോ പര്‍ച്ചേസിലും പോയിന്റുകള്‍ ലഭിക്കുകയും പിന്നീടുള്ള പര്‍ച്ചേസുകളില്‍ വിലക്കുറവ് ലഭിക്കുകയും ചെയ്യുന്ന തരത്തിലാണു പ്രവിലേജ് കാര്‍ഡിന്റെ ക്രമീകരണം.
ഈ സാമ്പത്തികവര്‍ഷത്തില്‍ 30 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളായും 15 മാവേലി സ്റ്റോറുകള്‍ സൂപ്പര്സ്റ്റോറുകളായും നവീകരിക്കും. ആറു പുതിയ പെട്രോള്‍ പമ്പുകളും ആരംഭിക്കും. ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഭാവിയില്‍ ആരംഭിക്കുന്നതിന്റെ സാധ്യതകളും സപ്ലൈകോയുടെ പരിഗണനയിലുണ്ട്.
വരുന്നു സിഗ്നേച്ചര്‍ മാര്‍ട്ടുകള്‍
വ്യാപാരമേഖലയെ അത്യാധുനിക സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൈയടക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കു പ്രീമിയം ഷോപ്പിംഗ് അനുഭവം നല്കാന് സപ്ലൈകോയും തയാറെടുക്കുന്നു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ സിഗ്നേച്ചര്‍ മാര്‍ട്ടുകള്‍ തുറക്കും.
ഡിസംബര്‍ മാസത്തോടെ തലശേരി, എറണാകുളം, കോട്ടയം സൂപ്പര്‍മാര്‍ക്കറ്റുകളാണ് ആധുനിക ഷോപ്പിംഗ് അനുഭവം നല്കാന് കഴിയുംവിധം സിഗ്നേച്ചര്‍ മാര്‍ട്ടുകളായി നവീകരിക്കുക.