ഇടഞ്ഞ് കെ. മുരളീധരൻ; അനുനയവുമായി നേതൃത്വം
Sunday, October 19, 2025 12:51 AM IST
തിരുവനന്തപുരം: വിശ്വാസസംരക്ഷണ യാത്ര ചെങ്ങന്നൂരിൽ സമാപിച്ചതിനു പിന്നാലെ ഇടഞ്ഞ് ജാഥ ക്യാപ്റ്റന്മാരിൽ ഒരാളായ കെ. മുരളീധരൻ.
കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ് നയിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന ചടങ്ങ് യുഡിഎഫിന്റെ പദയാത്രയാക്കിയതിൽ പ്രതിഷേധിച്ചുമായിരുന്നു കെ. മുരളീധരന്റെ പ്രതിഷേധം.
ഇതേത്തുടർന്ന് പദയാത്രയിൽ പങ്കെടുക്കാതെ വിട്ടുനിന്ന മുരളീധരനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇടപെട്ടാണ് അനുനയിപ്പിച്ചത്. ഗുരുവായൂരിലേക്ക് പോയ അദ്ദേഹത്തെ പിന്നീട് തിരികെ എത്തിക്കാൻ ശ്രമം നടത്തി.
എല്ലാ മലയാളമാസവും ഒന്നാംതീയതി ഗുരുവായൂർ ദർശനത്തിനു പോകുമെന്നും ഇന്നലെയും അങ്ങനെയാണുപോയതെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.
തന്റെ ഒപ്പം നിൽക്കുന്ന മര്യാപുരം ശ്രീകുമാർ, ഹാരിസ് എന്നിവർക്ക് പുനഃസംഘടനയിൽ ജനറൽ സെക്രട്ടറി സ്ഥാനം നൽകാതിരുന്നതും തൃശൂരിലെ തന്റെ തോൽവിക്ക് ഇത്തരവാദികളായ തൃശൂർ മുൻ ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂരിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കിയതുമാണ് കെ. മുരളീധരന്റെ പ്രകോപനത്തിനുള്ള പ്രധാന കാരണമെന്നാണു പറയപ്പെടുന്നത്.
പുനഃസംഘടനാ പട്ടികയ്ക്ക് അംഗീകാരം നൽകിയ എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നടപടിയിലുള്ള പ്രതിഷേധമാണ് പ്രധാനമായും മുരളീധരനുണ്ടായത്.
കെ. മുരളീധരന്റെ അനുയായികളിൽ ഒരാൾക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനവും മറ്റുള്ളവർക്ക് സെക്രട്ടറി സ്ഥാനവും നൽകാമെന്നാണ് ധാരണ. തോൽവിക്കു കാരണക്കാരായവരെ ഒഴിവാക്കണമെന്ന ആവശ്യം അടക്കമുള്ള കാര്യങ്ങളിൽ കെ.സി. വേണുഗോപാലും കെ. മുരളീധനും തമ്മിൽ നേരിട്ട് കൂടിക്കാഴ്ചയുണ്ടായേക്കും.
ഇത്രയും തൃപ്തി മുമ്പൊന്നും ഉണ്ടായിട്ടില്ല: കെ. സുധാകരൻ
കണ്ണൂർ: കെപിസിസി പുനഃസംഘടനയെ പരിഹസിച്ച് കെ. സുധാകരന് എംപി. പുനഃസംഘടനയില്‍ തൃപ്തനാണ്. എന്നാൽ ഇത്രയും തൃപ്തി മുന്‍പ് ഉണ്ടായിട്ടില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി പുനഃസംഘടനയില്‍ സുധാകരവിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തതിൽ കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണം.