വയോധികയുടെ സ്വർണമാല കവർന്ന കേസിൽ കൗൺസിലറായ സിപിഎം നേതാവ് അറസ്റ്റിൽ
Sunday, October 19, 2025 12:51 AM IST
കൂത്തുപറമ്പ്: കണിയാര്‍കുന്നില്‍ വയോധികയുടെ ഒരു പവനിലേറെ തൂക്കമുള്ള സ്വർണമാല കവർന്ന കേസിൽ സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ.
കൂത്തുപറന്പ് നഗരസഭ നാലാം വാർഡ് കൗൺസിലർ കൂടിയായ നൂഞ്ഞുമ്പായി ഡാലിയ ഹൗസില്‍ പി.പി. രാജേഷ് (46) ആണ് പിടിയിലായത്. കൂത്തുപറമ്പ് ഇൻസ്പെക്ടർ ഗംഗപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.
വീടിന്റെ അടുക്കള ഭാഗത്ത് മീൻ മുറിക്കുന്നതിനിടെ കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി. ജാനകിയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചോടിയ ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സമീപത്തെ വീട്ടിലെയും പ്രദേശത്തെയും സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം നടത്തിയത്.
നീല ജൂപ്പിറ്റര്‍ സ്കൂട്ടറില്‍ മാസ്കും ഹെല്‍മറ്റും ധരിച്ച് സഞ്ചരിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. സ്കൂട്ടറിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും നമ്പര്‍ പ്ലേറ്റ് മറച്ചനിലയിയിരുന്നു. മൂര്യാട് ഭാഗത്തുനിന്ന് വന്ന് പഴയ നിരത്ത് റോഡു വഴിയാണ് ഇയാള്‍ കടന്നുകളഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിയിരുന്നു.
സുഹൃത്തിന്റെ സ്കൂട്ടറിൽ സഞ്ചരിച്ചാണ് ഇയാൾ കവർച്ച നടത്തിയതെന്നും കണ്ടെത്തി. കവർന്ന മാല വില്പന നടത്തിയ കൂത്തുപറമ്പിലെ ജ്വല്ലറിയിൽനിന്ന് പോലീസ് കണ്ടെടുത്തു.
അതേസമയം പാര്‍ട്ടിയുടെ യശസിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിന് രാജേഷിനെ പാര്‍ട്ടി അംഗത്വത്തിൽനിന്നു പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു.
കൗൺസിലറെ മാറ്റി നിർത്തും
കൂത്തുപറമ്പ്: കണിയാർ കുന്നിൽ വയോധികയുടെ സ്വർണമാല കവർന്ന സംഭവുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിലർ പി.പി. രാജേഷിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നഗരസഭയുടെ അടിയന്തര യോഗം ചേർന്ന് കൗൺസിലർ രാജേഷിനെ മാറ്റിനിർത്താൻ തീരുമാനിച്ചതായി നഗരസഭാ ചെയർപേഴ്സൺ വി. സുജാത അറിയിച്ചു.
കൗൺസിലിന്റെ വിശ്വാസത്തെ നഷ്ടപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിച്ചതിനാണ് നടപടി. അറസ്റ്റ് വിവരം പോലീസ് നഗരസഭാ ചെയർപേഴ്സൺ വി. സുജാതയെ അറിയിച്ചിരുന്നു.