പാമ്പ് കടിയേൽക്കൽ രോഗമായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കി
Sunday, October 19, 2025 12:08 AM IST
കൊല്ലം: പാമ്പ് കടിയേൽക്കൽ പൊതുജനാരോഗ്യ പ്രാധാന്യമുള്ള രോഗമായി പ്രഖ്യാപിച്ചു സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
സുൽത്താൻ ബത്തേരി സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന അഞ്ചാം ക്ലാസുകാരിക്കു ക്ലാസ് റൂമിൽ 2019ൽ പാമ്പ് കടിയേറ്റ് മരിക്കുവാൻ ഇടയായ സാഹചര്യത്തിൽ അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഹൈക്കോടതിയിൽ നൽകിയ പൊതു താല്പര്യ ഹർജിയിൻമേൽ പാമ്പ് കടിയേൽക്കൽ രോഗമായി പ്രഖ്യാപിച്ച് കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കണമെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് കഴിഞ്ഞ മാസം ഇരുപത്തി ആറിന് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര സ്വഭാവത്തിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
വിഷപ്പാമ്പിന്റെ കടിയേറ്റാൽ ജീവൻ അപകടത്തിലാകാൻ സാധ്യതയുള്ള രോഗമാണ്. കടിയേറ്റാൽ ഉചിത ചികിത്സ സമയബന്ധിതമായി നൽകിയില്ലെങ്കിൽ വ്യക്തിയുടെ മരണത്തിനോ മാരകമായതോ സ്ഥിരമായ വൈകല്യത്തിലേയ്ക്കു നയിച്ചേക്കാവുന്നതോയായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും.
2023ലെ പൊതുജനാരോഗ്യ ആക്ടിലുള്ള രോഗങ്ങളുടെ പട്ടികയിൽ പാമ്പ് കടിയേൽക്കലും രോഗമായി ഇതോടെ ഉൾപ്പെട്ടു.