നെല്ല് സംഭരണം: മില്ലുടമകളുടെ ആവശ്യങ്ങളില്‍ അനുകൂല തീരുമാനമെന്ന് മന്ത്രിമാര്‍
Sunday, October 19, 2025 12:51 AM IST
കൊച്ചി: മില്ലുടമകളുടെ ആവശ്യങ്ങളിന്മേല് സാധ്യമായ എല്ലാ അനുകൂല തീരുമാനവും കൈക്കൊള്ളുമെന്ന് ഭക്ഷ്യ, കൃഷി, ധനകാര്യ മന്ത്രിമാര്‍ പറഞ്ഞു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിമാര്‍ ഉറപ്പുനല്‍കിയത്.
കോടതിവിധി നിലനില്‍ക്കുന്നതിനാൽ ഔട്ടേണ്‍ റേഷ്യോയില്‍ വ്യത്യാസം വരുത്താന്‍ സാധിക്കില്ല. അതേസമയം 2022-23ലെ ഒടിആര്‍ അനുപാത വ്യത്യാസമായ 63 കോടി രൂപ സംബന്ധിച്ച് മന്ത്രിസഭയില്‍ ആലോചിച്ച് അനുകൂല തീരുമാനമുണ്ടാക്കും.
പ്രൊസസിംഗ് ചാര്‍ജ് ക്വിന്റലിന് 20 രൂപ എന്നതു വര്‍ധിപ്പിക്കുന്നത് പരിഗണിക്കും. പാലക്കാട് ജില്ലയില്‍ ജിഎസ്ടി സംബന്ധിച്ചു നല്കിയ നോട്ടീസ് നിയമപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കാമെന്നും മന്ത്രിമാര്‍ ഉറപ്പുനല്‍കി.
ഈ ഉറപ്പുകള്‍ അംഗീകരിച്ച് മില്ലുടമകള്‍ ഉടന്‍ നെല്ല് സംഭരണം ആരംഭിക്കാന്‍ തയാറാകണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
സംഭരണവിലയിലും കുറഞ്ഞ വിലയ്ക്ക് നെല്ലെടുത്ത് കര്‍ഷകരെ ചൂഷണം ചെയ്യുന്ന രീതിയില്‍ ചില മില്ലുകള്‍ എങ്കിലും ഏര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍നിന്ന് അവര്‍ പിന്മാറണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. കൊച്ചിയില്‍ നടന്ന യോഗത്തില്‍ ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ നേരിട്ടും കൃഷിമന്ത്രി പി. പ്രസാദ്, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ ഓണ്‍ലൈനിലും പങ്കെടുത്തു.