സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ്: നവംബർ 20 വരെ അപേക്ഷിക്കാം
Sunday, October 19, 2025 12:08 AM IST
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 2023, 2024 വർഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡിന് നവംബർ 20 വരെ പൊതുജനങ്ങൾക്ക് അപേക്ഷിക്കാം.
2023-ലെ വിഷയം ‘ശുചിത്വം’, 2024-ലേത് ‘അതിജീവനം’ എന്നിവയാണ്. കേരളം പശ്ചാത്തലമാക്കിയുള്ള ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന.
ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതമാണ് സമ്മാനം. ഒപ്പം സാക്ഷ്യപത്രവും ശില്പവും നൽകും. പ്രോത്സാഹന സമ്മാനമായി പത്തു പേർക്ക് 2,500 രൂപ വീതം നൽകും. സാക്ഷ്യപത്രവും ലഭിക്കും.
മത്സരാർഥികൾക്ക് ഒരു വിഭാഗത്തിൽ മൂന്ന് എൻട്രികൾ വരെ ഓൺലൈനായി സമർപ്പിക്കാം. ഓരോ ഫോട്ടോയ്ക്കും അനുയോജ്യമായ തലക്കെട്ടും ഫോട്ടോ എടുത്ത സ്ഥലവും സാഹചര്യവും നൽകണം.
സർക്കാർ വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫർമാർക്കും പത്ര ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. എൻട്രികളായി ലഭിക്കുന്ന ഫോട്ടോകൾ വകുപ്പിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.prd.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.