ശബരിമല സ്വർണക്കൊള്ള; 15 ഉന്നതർക്കു പങ്കെന്ന് പോറ്റി
Sunday, October 19, 2025 12:51 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള ഗൂഢാലോചനയിൽ ഉന്നതർ അടക്കം 15 പേർക്ക് പങ്കുണ്ടെന്ന് അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി. കേരളത്തിനകത്തും പുറത്തുമായി നടന്ന ഗൂഢാലോചനയിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്തവരുടെ വിവരങ്ങൾ ഉൾപ്പെടെയാണ് ഉണ്ണിക്കൃഷ് ണൻ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകിയത്.
വൻ റാക്കറ്റുകൾ ഉൾപ്പെട്ട സംഘമാണ് ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിലുള്ളത്. കേരളത്തിലും പിന്നീടു ബംഗളൂരുവിലും ഹൈദരാബാദിലും ഇതുസംബന്ധിച്ച ഗൂഢാലോചനകൾ നടന്നിട്ടുണ്ട്.
കട്ടിളയിലെയും ദ്വാരപാലക ശില്പത്തിലെയും സ്വർണപ്പാളികൾ ഉരുക്കി മാറ്റിയ സംഭവത്തിൽ തനിക്ക് ലാഭമൊന്നും ലഭിച്ചിട്ടില്ല. ഇതിന്റെ വിഹിതത്തിൽ നല്ലൊരു ശതമാനവും ഉന്നതർ ഉൾപ്പെട്ട വൻ റാക്കറ്റുകൾക്കാണു ലഭിച്ചത്.
പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗൂഢാലോചനയിൽ പങ്കെടുത്തവരെ കണ്ടെത്താനും നിരീക്ഷിക്കാനും ആവശ്യമായ നടപടി പ്രത്യേക അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില രേഖകളും തെളിവുകളും ശേഖരിക്കുന്നതിനാണ് ഇന്നലെ അദ്ദേഹത്തിന്റെ കിളിമാനൂർ പുളിമാത്തുള്ള വീട്ടിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയത്.
റാന്നി കോടതി കഴിഞ്ഞ ദിവസം ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകും.
സ്മാർട്ട് ക്രിയേഷൻസിന്റെ പങ്കും പോറ്റിയുടെ മൊഴിയിലുണ്ട്. നേരത്തേ പറഞ്ഞിരുന്നതിൽനിന്നു വ്യത്യസ്തമായി സ്മാർട്ട് ക്രിയേഷൻസിൽ ചെന്പിൽനിന്നു സ്വർണം വേർതിരിക്കാനുള്ള സാങ്കേതികവിദ്യയുണ്ടെന്നു വ്യക്തമായി. ഇതു സംബന്ധിച്ച് എന്തിനാണ് ഇവർ ഇത്തരത്തിൽ കളവു പറഞ്ഞതെന്ന കാര്യവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും.
അതിനിടെ, സ്വർണക്കൊള്ളയുടെ ഗൂഢാലോചനയിൽ മുഖ്യപ്രതിയെന്നു കണ്ടെത്തി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ മുൻ ശബരിമല അഡിമിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ ഉടൻ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം പറയുന്നു. മുരാരി ബാബുവിന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.
""കൽപേഷിന് എല്ലാം അറിയാം''
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശിയായ കൽപേഷിന് വിശദമായ എല്ലാക്കാര്യങ്ങളും അറിയാമെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി.
കൽപേഷിന്റെ കൈയിലാണ് സ്വർണം വേർതിരിക്കാനും പൂശാനും കൊടുത്തു വിട്ടത്. സ്വർണക്കൊള്ള നടത്തിയതും ഇതിന്റെ പങ്ക് വീതം വച്ചതുമൊന്നും തനിക്കറിയില്ല. ഇക്കാര്യങ്ങൾ കൽപേഷിനാണ് അറിയാവുന്നത്.
സ്പോണ്സർ എന്ന നിലയിൽ ഇവ ഏറ്റുവാങ്ങി കൽപേഷിന്റെ കൈയിലാണ് വേർതിരിക്കാൻ കൊടുത്തയയ്ക്കുന്നതെന്നും മൊഴിയിലുണ്ട്. അതേസമയം, കൽപേഷിന്റെ പേര് ഇതുതന്നെയാണോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് സംശയമുണ്ട്.
ഹൈദരാബാദ് സ്വദേശിയായ നാഗേഷിന് അവിടം കേന്ദ്രമാക്കി നടന്ന ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാമെന്നും മൊഴിയിലുണ്ട്. എന്നാൽ, ഈ സംഘം നേരത്തേ പഠിപ്പിച്ചുവിട്ട മൊഴികളാണോ ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകുന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്.