ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരിൽ തട്ടിപ്പ്; ഒരാള്‍കൂടി പിടിയില്‍
Thursday, May 1, 2025 1:42 AM IST
കൊടകര: ഷെയര്‍ ട്രേഡിംഗിനായി പണം നല്കിയാല് ഇരട്ടിയായി ലാഭവിഹിതം തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അഞ്ചരലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി.
കൊടകര കനകമല സ്വദേശിയുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് വിവിധ അക്കൗണ്ട് നമ്പറുകളിലേക്ക് 5,43,329 രൂപ ട്രാന്‍സ്ഫര്‍ ചെയ്യിച്ച് ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ നല്‍കാതെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണു പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ മുടവന്തോടി മുഹമ്മദ് സക്കറിയ(35)യെ കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തേ രണ്ടു പേര് അറസ്റ്റിലായിരുന്നു.
തട്ടിപ്പു സംബന്ധിച്ച് കനകമല സ്വദേശിയുടെ പരാതിയില്‍ കഴിഞ്ഞ ജനുവരി 21നാണു കൊടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
വിദേശത്തായിരുന്ന മുഹമ്മദ് സക്കറിയ നാട്ടില്‍ എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് എത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുസംഘത്തില്‍ ഉള്‍പ്പെട്ടതിനാല്‍ നേരത്തേ മുഹമ്മദ് ഷാഫിയെയും ഡെന്നിയെയും അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു.