അഡ്വ. ബി.എ. ആളൂർ അന്തരിച്ചു
Thursday, May 1, 2025 1:42 AM IST
തൃശൂർ: കുപ്രസിദ്ധ കൊലപാതകക്കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായിരുന്ന അഡ്വ. ബി.എ. ആളൂർ (ബിജു ആന്റണി ആളൂർ-54) അന്തരിച്ചു.
സംസ്കാരം നാളെ പതിയാരം സെന്റ് ജോസഫ്സ് പള്ളിയിൽ. എറണാകുളം ലിസി ആശുപത്രിയിൽ വൃക്കസംബന്ധമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എരുമപ്പെട്ടി പതിയാരം ആളൂർ പരേതരായ ആന്റണിയുടെയും റോസിയുടെയും മകനാണ്.
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കും ജിഷ വധക്കേസ് പ്രതി അമിറുൾ ഇസ്ലാമിനും, കൂടത്തായി കൊലപാതക പരന്പരക്കേസിലെ പ്രതി ജോളിക്കുംവേണ്ടി കോടതിയിൽ ഹാജരായി വാർത്തകളിൽ ഇടം നേടിയ അഭിഭാഷകനാണ് അഡ്വ. ബി.എ. ആളൂർ.
ഗോവിന്ദച്ചാമിക്കു വിചാരണക്കോടതിയും തുടർന്നു ഹൈക്കോടതിയും വധശിക്ഷ വിധിച്ചെങ്കിലും അഡ്വ. ആളൂർ സുപ്രീംകോടതിയെ സമീപിക്കുകയും വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. ഇലന്തൂർ നരബലിക്കേസിലും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു.
അവിവാഹിതനാണ്. സഹോദരങ്ങൾ: ജോയ്, ബൈജു, ഷൈജൻ, ലിജി, പരേതനായ ജോസ്.