കേന്ദ്രത്തിനു നൽകിയ പട്ടികയിൽ പ്രതിപക്ഷനേതാവിന്റെ പേരുണ്ടായിരുന്നുവെന്ന് തുറമുഖ മന്ത്രി
Thursday, May 1, 2025 2:51 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നല്കിയ പട്ടികയിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടായിരുന്നുവെന്നു മന്ത്രി വി.എൻ. വാസവൻ. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുന്നത് സംബന്ധിച്ചുള്ള കാര്യം വിവാദമായതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കേന്ദ്രത്തിന് അയച്ച പട്ടികയിൽ പ്രതിപക്ഷ നേതാവിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഇതിൽ ആരൊക്കെ വേദിയിൽ ഇരിക്കണമെന്ന കാര്യം തീരുമാനിക്കുക പ്രധാനമന്ത്രിയുടെ ഓഫീസാണ്. സാധാരണയായി പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിയിൽ ഏഴു പേരിൽ കൂടുതൽ ആളുകളെ പ്രസംഗിക്കാൻ അനുവദിക്കാറില്ല.
ബിജെപി സംസ്ഥാന അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശ പ്രകാരമാണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഇത്തരത്തിൽ ഒരു കാര്യം പറയുന്പോൾ സംസ്ഥാന സർക്കാരിന് നിരാകരിക്കാൻ കഴിയില്ലെന്നും വാസവൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം പദ്ധതിക്കു കല്ലിടൽ നടത്തിയതല്ലാതെ നിർമാണ പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചില്ലെന്നും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് ഇടതു സർക്കാരാണെന്നും വാസവൻ കൂട്ടിച്ചേർത്തു.