ദേശീയ പണിമുടക്കിൽ പങ്കെടുത്ത അധ്യാപകരുടെ പ്രമോഷൻ തടഞ്ഞു
Thursday, May 1, 2025 1:42 AM IST
കണ്ണൂർ: 2020 ജനുവരി മാസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത കണ്ണൂർ സർവകലാശാലയിലെ അധ്യാപകരുടെ പ്രമോഷൻ തടഞ്ഞു.
കാലിക്കട്ട് കോളജ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയമാണ് പ്രമോഷൻ തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതോടെ, ജനുവരി എട്ടിന്റെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത സർവകലാശാലയിലെ 80 ശതമാനം അധ്യാപകരുടെയും പ്രമോഷൻ നഷ്ടമാകും.
കാലിക്കട്ട് കോളജ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിനു കീഴിൽ കണ്ണൂർ, കാലിക്കട്ട് സർവകലാശാലകളാണ് ഉൾപ്പെട്ടിരിക്കുന്നത്. പണിമുടക്കുമായി ബന്ധപ്പെട്ട് സർക്കാരോ സർവകലാശാലയോ വിഷയത്തിൽ നിലപാട് അറിയിച്ചിട്ടില്ല എന്നതിനാലാണ് പ്രമോഷൻ തടയുന്നത്.
എന്നാൽ, കാലിക്കട്ട് സർവകലാശാലാ പണിമുടക്കുമായി ബന്ധപ്പെട്ട് ഡയസ്നോൺ പ്രഖ്യാപിക്കുകയും പ്രമോഷൻ തടയില്ലെന്ന നിലപാടും അറിയിച്ചിരുന്നു.
വിഷയത്തിന്റെ ഗൗരവം സർവകലാശാലയെ അറിയിച്ച അധ്യാപകന്റെ അപേക്ഷയിൽ ഒരുമാസം കഴിഞ്ഞിട്ടും കണ്ണൂർ സർവകലാശാലാ സിൻഡിക്കറ്റ്, വൈസ് ചാൻസലർ എന്നിവർ നിലപാട് കൈക്കൊള്ളാത്തതിനാൽ സർവകലാശാലയിലെ കോളജുകളിലെ നൂറുകണക്കിന് അധ്യാപകരെ ഇതു ബാധിക്കും.
പണിമുടക്കിലൂടെ പ്രമോഷൻ തടയപ്പെടുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് കെപിസിടിഎ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സർക്കാരും സർവകലാശാലയും ഒത്തുചേർന്ന് ഏറ്റവും തൊഴിലാളിവിരുദ്ധമായ സമീപനം കൈക്കൊള്ളുകയാണെന്ന് കെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രേമചന്ദ്രൻ കീഴോത്ത് പറഞ്ഞു.