വന്യജീവി ആക്രമണം ; സാമ്പത്തികബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍
Thursday, May 1, 2025 1:42 AM IST
കോഴിക്കോട്: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വന്യജീവിശല്യം തടയുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമ്പത്തികബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍. വനംവകുപ്പ് ചെയ്യേണ്ട പല കാര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ കെട്ടിവയ്ക്കുകയാണെന്നാണു പഞ്ചായത്തുകളുടെ ആരോപണം.
ഏറ്റവുമൊടുവിലായി, വന്യജീവി ആക്രമണം അടക്കമുള്ള അടിയന്തര സാഹചര്യങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാഹനം വനംവകുപ്പിന്റെ റാപിഡ് റെസ്പോണ്‍സ് ടീമിന് (ആര്‍ആര്‍ടി) തത്കാലത്തേക്കു വിട്ടുകൊടുക്കണമെന്നും അതല്ലെങ്കില്‍ അത്തരം സാഹചര്യങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വാഹനം വാടകയ്ക്കെടുത്ത് വനംവകുപ്പിനു നല്‍കുകയോ ചെയ്യണമെന്നാണു തദ്ദേശ സ്വയംഭരണവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ആര്‍ആര്‍ടിയില്‍ പുതിയ തസ്തികകളോ വാഹനങ്ങളോ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
നിലവിലുള്ള ജീവനക്കാരെയും വാഹനങ്ങളെയും പുനര്‍വിന്യസിക്കുകയാണ് ചെയ്തിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ സംഭവ സ്ഥലത്ത് കുതിച്ചെത്തേണ്ട ആര്‍ആര്‍ടിക്ക് ആവശ്യത്തിനു വാഹനം ഇല്ലാത്ത സാഹചര്യത്തിലാണ് ഈ ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലയില്‍ വച്ചിരിക്കുന്നത്.
മന്ത്രിസഭാ വാര്‍ഷികാഘോഷത്തിനും മറ്റും കോടികള്‍ ധൂര്‍ത്തടിക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെയാണു ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍നിന്നു സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നത്.
വന്യജീവിശല്യം തടയാന്‍ കേരളത്തില്‍ 3,000 കിലോമീറ്ററോളം ദൂരത്തില്‍ പ്രതിരോധവേലിയോ കിടങ്ങുകളോ നിര്‍മിക്കേണ്ടി വരുമെന്നാണു വനംവകുപ്പിന്റെ കണക്ക്. വനംവകുപ്പിന്റെ മാത്രം വിഹിതം ഉപയോഗിച്ച് ഇത്രയും ദൂരത്തില്‍ പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നത് പ്രായോഗികമല്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്.
ഇതിന്റെ ഭാഗമായി പ്രതിരോധ നടപടികള്‍ക്കായി ഫണ്ട് ചെലവഴിക്കാന്‍ നേരത്തേതന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനാതിര്‍ത്തികളിലെ കിടങ്ങ് നിര്‍മാണം പല പഞ്ചായത്തുകളും ഏറ്റെടുത്തു നടപ്പിലാക്കുന്നുണ്ട്.
അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യമുക്ത കേരളം തുടങ്ങി സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളുടെയും സാമ്പത്തികബാധ്യതകള്‍ പേറി വലയുകയാണു ഭൂരിഭാഗം പഞ്ചായത്തുകളും. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്ന പ്ലാന്‍ വിഹിതവും വിവിധ ഇനങ്ങളിലൂടെ പിരിഞ്ഞുകിട്ടുന്ന തനത് വിഹിതവുമാണ് പഞ്ചായത്തുകളുടെ പ്രധാന വരുമാനസ്രോതസ്. വരുമാനം കുറഞ്ഞ പഞ്ചായത്തുകള്‍ക്കാണു സര്‍ക്കാരിന്റെ പല നിര്‍ദേശങ്ങളും കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.