നാട്ടകം തട്ടകമാക്കിയ മെഡല്‍വേട്ട; ഇതിഹാസമായി ദ്രോണാചാര്യ സണ്ണി തോമസ്
Thursday, May 1, 2025 2:51 AM IST
റെജി ജോസഫ്
കോട്ടയം: തിടനാട് മേക്കാട്ട് കെ.കെ. തോമസിന്റെ അടുത്ത സുഹൃത്തായിരുന്നു കോട്ടയം റൈഫിള്‍സ് ക്ലബ് സെക്രട്ടറി സി.ടി. ജോണ്‍. ഒരിക്കല്‍ മേക്കാട്ട് വീട്ടിലെത്തിയ ജോണ്‍ അവിടെ തോമസിന്റെ പന്ത്രണ്ടു വയസുകാരന് മകന് സണ്ണി എയര്‍ റൈഫിളില്‍ ഉന്നംവച്ച് മുറ്റത്തെ മാവില്‍നിന്ന് മാങ്ങ വീഴ്ത്തുന്നതു കണ്ടു. ചെറിയ പ്രായക്കാരന്റെ അതിസൂക്ഷ്മതയും വെടിവയ്പിലെ വൈദഗ്ധ്യവും ജോണിനെ വിസ്മയിപ്പിച്ചു. പില്ക്കാലത്ത് സണ്ണി തോമസ് കോട്ടയം സിഎംഎസ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 1965ല്‍ നാട്ടകം പോളിടെക്നിക് കാമ്പസിലെ കോട്ടയം റൈഫിള്‍സ് ക്ലബ്ബിലേക്ക് സി.ടി. ജോണ്‍ പരിശീലനത്തിന് ക്ഷണിച്ചു.
ഇവിടെ ലഭിച്ച അംഗത്വവും പരിശീലനവുമാണ് സണ്ണി തോമസ് എന്ന ലക്ഷ്യം തെറ്റാത്ത മെഗാ ഷൂട്ടറെ രാജ്യത്തിനു ലഭിക്കാന്‍ ഇടയാക്കിയത്. സണ്ണി തോമസ് മെഡല്‍വേട്ട തുടങ്ങിയത് നാട്ടകത്തെ പരിശീലനകാലത്താണെന്ന് കോട്ടയം റൈഫിള്‍സ് ക്ലബ്ബിന്റെ നിലവിലെ പ്രസിഡന്റ് ചെറിയാന് കുര്യന് പറഞ്ഞു. നാടന്‍ എയര്‍ഗണ്ണില്‍ കാക്കകളെ ഉന്നംവച്ചു തുടങ്ങിയ അഭ്യാസം കോട്ടയം റൈഫിള്‍ ക്ലബ്ബില്‍ എത്തിയതോടെ ശാസ്ത്രീയമായി, ഭാഗ്യം പിഴച്ചതുമില്ല. ഇന്തോ- ചൈന യുദ്ധകാലമാണത്.
സൈന്യത്തിനൊപ്പം അവശ്യസാഹചര്യത്തില്‍ യുദ്ധഭൂമിയിലിറങ്ങാന് താത്പര്യമുള്ള സിവിലിയന്മാര്ക്കും വെടിവയ്പില്‍ പരിശീലനം നല്കാന് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അക്കാലത്താണ് രാജ്യത്തുടനീളം റൈഫിള്‍സ് അസോസിയേഷനുകളുടെ തുടക്കം. നാട്ടകം പോളിടെക് കാമ്പസില്‍ ജില്ലാ ഭരണകൂടം അക്കാലത്ത് അനുവദിച്ച 60 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയുമുള്ള ഷൂട്ടിംഗ് ഏരിയയിലായിരുന്നു പരിശീലനം.
കോട്ടയം പോലീസ് ക്യാമ്പിലെ കോണ്‍സ്റ്റബിള്‍മാര്‍ തോക്കുമായി എത്തിയാണ് പരിശീലനം നല്‍കിയിരുന്നത്. റൈഫിളും പിസ്റ്റളും ഉള്‍പ്പെടെ നാലിനം തോക്കുകളിലായിരുന്നു സണ്ണി തോമസിനും തുടക്കം. 1965ല്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തായിരുന്നു സണ്ണിയുടെ മെഡല്‍ വേട്ടയുടെ തുടക്കം.
അഞ്ചു തവണ സംസ്ഥാന ചാമ്പ്യനും 1976ല്‍ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനുമായി സണ്ണി അംഗീകാരങ്ങള്‍ നേടി. അക്കാലത്ത് ഡല്‍ഹിയിലും പോയി പരിശീലനം നേടിയിരുന്നു. ഉഴവൂര്‍ കോളജില്‍ ഇംഗ്ലീഷ് പ്രഫസറായിരിക്കെ 1993ലാണ് ഇന്ത്യയുടെ ദേശീയ ഷൂട്ടിംഗ് പരിശീലകനായി സണ്ണി തോമസ് അവരോധിക്കപ്പെടുന്നത്.
ഷൂട്ടിംഗില്‍ ഒന്നുമല്ലാതിരുന്ന ഇന്ത്യന്‍ ടീമിനെ 19 വര്‍ഷംകൊണ്ട് ലോക ഭൂപടത്തിലെ പ്രധാനപ്പെട്ട ഇടങ്ങളില്‍ ഒന്നാക്കി അദ്ദേഹം അടയാളപ്പെടുത്തി. 1994 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് മുതല്‍ ശിഷ്യര്‍ മെഡല്‍വേട്ട തുടങ്ങി. ഉന്നം പിഴക്കാത്ത ഓരോ വെടിയിലും സ്വര്‍ണവും വെള്ളിയും വീണുകൊണ്ടിരുന്നു. 1998ല്‍ സ്വര്ണനില അഞ്ചിലേക്ക് ഉയര്‍ന്നു.
2004ല്‍ ഏതന്‍സ് ഒളിമ്പിക്സില്‍ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് നേടിയ വെള്ളി മെഡല്‍ ഇന്ത്യന്‍ ഒളിമ്പിക്സിലെ ആദ്യ വ്യക്തിഗത വെള്ളിത്തിളക്കമായി. 2008 ബീജീംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണമണിഞ്ഞു. 2012 ലണ്ടന്‍ ഒളിംപിക്സില്‍ വിജയകുമാര്‍ വെള്ളിയും ഗഗന് നാരംഗ് വെങ്കലവും നേടി.
ഏഷ്യന്‍ ഗെയിംസുകളില്‍ 29 മെഡലുകളും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 95 മെഡലുകളും ലോകകപ്പില്‍ 50 മെഡലുകളും സണ്ണി തോമസിന്റെ ശിഷ്യര്‍ രാജ്യത്തിന് സമ്മാനിച്ചു. കാഞ്ചിവലിക്കാന്‍ മാന്ത്രിക വിരലുകളുള്ള സണ്ണിയുടെ കൈകളില്‍ 2001ല്‍ രാഷ്്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ദ്രോണാചാര്യ പുരസ്കാരം സമ്മാനിച്ചു.
2012-ല്‍ രാജ്യം പത്മശ്രീയും നല്കി ആദരിച്ചു. എല്ലാറ്റിനും നിമിത്തമായത് നാട്ടകം പോളിടെക് മൈതാനത്തെ റൈഫിള്‍സ് ക്ലബ്ബുതന്നെ.