“പഹല്‍ഗാം ആവര്‍ത്തിക്കാതിരിക്കാന്‍ ഹിന്ദുക്കള്‍ കൈയില്‍ കത്തി കരുതണം’’;വിവാദപ്രസംഗവുമായി കല്ലടുക്ക പ്രഭാകര്‍ ഭട്ട്
Thursday, May 1, 2025 1:42 AM IST
കാസര്‍ഗോഡ്: പഹല്‍ഗാമിലേത് പോലുള്ള തീവ്രവാദ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഹിന്ദുക്കള്‍ വീടുകളില്‍ വാളും പുറത്തിറങ്ങുമ്പോള്‍ കത്തിയും കൈവശം വയ്ക്കണമെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് കല്ലടുക്ക പ്രഭാകര്‍ ഭട്ട്. മഞ്ചേശ്വരം വോര്‍ക്കാടി ശ്രീമാതാ സേവാശ്രമത്തില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം പ്രകോപനപരമായ പ്രസംഗം നടത്തിയത്.
“എല്ലാ ഹിന്ദു വീട്ടിലും ഒരു വാള് സൂക്ഷിക്കണം. പഹല്‍ഗാം ആക്രമണസമയത്ത് ഹിന്ദുക്കള്‍ വാളെടുത്തിരുന്നെങ്കില് കഥ മറ്റൊന്നാകുമായിരുന്നു. നമ്മുടെ പെണ്മക്കള് പുറത്തിറങ്ങുമ്പോള്‍ വാനിറ്റി ബാഗുകളില്‍ കത്തി കരുതണം. ആറ് ഇഞ്ച് നീളമുള്ള കത്തി കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് ലൈസന്‍സ് ആവശ്യമില്ല. സന്ധ്യക്കുശേഷം നിങ്ങള്‍ പുറത്താണെങ്കില്‍, ആക്രമണത്തിനുള്ള എല്ലാ സാധ്യതയുമുണ്ട്, അക്രമികളോട് യാചിക്കരുത്.
കത്തി കാണിച്ചാല്‍ അവര്‍ ഓടിപ്പോകും. മുമ്പ് മുസ്ലിംകള് ആക്രമിക്കുമ്പോള്‍ ഹിന്ദുക്കള്‍ ഓടിയൊളിക്കുമായിരുന്നു. എന്നാല്‍ ഇന്ന് അതിനു മാറ്റം വന്നിരിക്കുന്നു. നാം ഉയര്‍ത്തെഴുന്നേല്‍ക്കണം’’-അദ്ദേഹം പറഞ്ഞു. മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗങ്ങളുടെ പേരില്‍ കര്‍ണാടകയില്‍ നിരവധി കേസുകളില്‍ പ്രതിയാണ് പ്രഭാകര്‍ ഭട്ട്.