ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കണം: എംഎല്‍എ
Thursday, May 1, 2025 1:42 AM IST
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് വര്‍ഗീയ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്ത പ്രഭാകര്‍ ഭട്ടിനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എ.കെ.എം. അഷ്റഫ് എംഎല്‍എ മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും കത്ത് നല്കി.
കാസര്‍ഗോട്ടെയും പ്രത്യേകിച്ച് മഞ്ചേശ്വരത്തെയും സമാധാനാന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം അങ്ങേയറ്റം വര്‍ഗീയപരമായ പ്രസംഗം. ഇതിനു പിന്നിലുള്ള ഗൂഢാലോചനയിലും അന്വേഷണം വേണം.
ആര്‍എസ്എസുകാര്‍ കാസര്‍ഗോട്ടെ പള്ളിയില്‍ കയറി ഒരു മൗലവിയെ കൊലപ്പെടുത്തിയിട്ടും പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയെ കൊലപ്പെടുത്തി വര്‍ഗീയലഹളയ്ക്ക് ശ്രമിച്ചപ്പോഴും ആ കെണിയില്‍ വീഴാതെ തിരിച്ചടികള്‍ ഉണ്ടാകാത്ത നിലയില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍ഗോട്ട് വീണ്ടും വീണ്ടും ഇത്തരത്തിലുള്ള വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അഷ്റഫ് കൂട്ടിച്ചേര്‍ത്തു.