കര്‍ഷക മഹാപഞ്ചായത്ത് മൂവാറ്റുപുഴയില്‍
Thursday, May 1, 2025 2:51 AM IST
കോട്ടയം: സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 111 കര്‍ഷക ബഹുജന സംഘടനകളുടെ പങ്കാളിത്തത്തോടെ ‘ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം’ അടിസ്ഥാന വിഷയമാക്കി രണ്ട് ദിവസത്തെ കര്‍ഷക മഹാപഞ്ചായത്ത് 10, 11 തീയതികളില്‍ മൂവാറ്റുപുഴ നെസ്റ്റില്‍ നടക്കും.
ഭൂനിയമങ്ങള്മൂലം പീഡിപ്പിക്കപ്പെടുന്ന ജനത, വന്യജീവി സംഘര്‍ഷവും വനനിയമങ്ങളും, സംസ്ഥാന ധനകാര്യ പ്രതിസന്ധി, മനുഷ്യരും പരിസ്ഥിതിയും, വികസനത്തില്‍ ഒഴിവാക്കപ്പെട്ടവര്‍ ഒന്നിക്കുന്നു, കാര്‍ഷിക ചെറുകിട കച്ചവട മേഖലയിലെ പ്രതിസന്ധികള്‍, കുടുംബശ്രീ മോഡലില്‍ കര്‍ഷക ശ്രീ, കര്‍ഷക മഹാപഞ്ചായത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നയരൂപീകരണം, ഒഴിവാക്കപ്പെട്ടവരുടെ പ്രകടന പത്രിക തയാറാക്കി രാഷ്ട്രീയ നേതൃത്വത്തിന് നൽകല് തുടങ്ങി കേരളത്തെ പൊതുവായി ബാധിക്കുന്ന ഒമ്പതു വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ക്ലാസുകളും ചര്‍ച്ചകളുമാണ് രണ്ട് ദിവസം നടക്കുന്നത്.
ഹൈക്കോടതി റിട്ട. ജഡ്ജി, പ്രമുഖരായ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥര്‍, ദേശീയ തലത്തില്‍ അറിയപ്പെടുന്ന സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി വിദഗ്ധര്‍, സമുദായ-മത-സാംസ്കാരിക നേതാക്കള്‍, സുപ്രീംകോടതി-ഹൈക്കോടതി അഭിഭാഷകര്‍ എന്നിവരാണ് ക്ലാസുകളും ചര്‍ച്ചകളും നയിക്കുന്നത്.
പത്തിന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ ദേശീയ കര്‍ഷക സമര നേതാവ് ശിവകുമാര്‍ വര്‍മ കക്കാജിയുടെ സാന്നിധ്യത്തില്‍ മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്യുമെന്ന് ജയിംസ് വടക്കന്‍, കെ.വി. ബിജു, ഡിജോ കാപ്പന്, ജോയി കണ്ണംചിറ, റോജര്‍ സെബാസ്റ്റ്യന്‍, റസാക്ക് ചൂരവേലി, അഡ്വ. ബിനോയ് തോമസ്, സിജുമോന്‍ ഫ്രാന്‍സിസ്, സുജി മാസ്റ്റര്‍, ജിന്നറ്റ് മാത്യു, മാത്യു ജോസ്, പ്രഫ. ജോസ്കുട്ടി ഒഴുകയില്‍, ഷൈജു തിരുനെല്ലൂര്‍ എന്നിവര്‍ അറിയിച്ചു.