പേവിഷ പ്രതിരോധ വാക്സിന് എടുത്തിട്ടും മരണം: വൈറസ് അതിവേഗം തലച്ചോറിലേക്ക് വ്യാപിച്ചെന്ന്
Wednesday, April 30, 2025 2:39 AM IST
കോഴിക്കോട്: പേവിഷ പ്രതിരോധ വാക്സിന് എടുത്തിട്ടും തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസുകാരി മരിച്ച സംഭവം വാക്സിനെയും ആരോഗ്യവകുപ്പിനെയും സംശയമുനയില്‍ നിറുത്തുമ്പോള്‍ വാക്സിന് എടുത്താലും മരണത്തിലേക്കു നയിക്കാവുന്ന കാരണങ്ങളിലേക്കു വിരല്‍ ചൂണ്ടുകയാണ് ഡോക്ടർമാർ.
വളര്‍ത്തുമൃഗങ്ങളുടെയോ തെരുവുനായയുടെയോ കടിയേറ്റാല്‍ വീട്ടില്‍വച്ചുതന്നെ അടിയന്തരമായി ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളുണ്ട്. അതിനു പകരം വാക്സിന് എടുത്തതുകൊണ്ടുമാത്രം ഇനി പ്രശ്നമേയില്ല എന്നു ചിന്തിക്കുന്നതാണ് പലപ്പോഴും ദാരുണമായ സംഭവങ്ങള്‍ക്കു കാരണം.
മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സല്മാന് ഫാരിസിന്റെ മകള്‍ സിയ ഫാരിസയാണ് പേവിഷബാധയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ മരിച്ചത്. കുട്ടിയുടെ മുറിവ് വീട്ടില്‍ വച്ച് കഴുകി വൃത്തിയാക്കിയിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന സൂചന.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മുറിവ് കഴുകിയത്. കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടുന്ന ആഴമുള്ള 13 മുറിവുകളാണ് കുട്ടിയില്‍ ഉണ്ടായിരുന്നത്.
പ്രോട്ടോക്കോള്‍ പ്രകാരമുള്ള മരുന്നുകള്‍ കുട്ടിക്ക് നല്‍കിയിരുന്നു. തലയില്‍ ആഴത്തിലുള്ള നാല് മുറിവുകളുണ്ടായിരുന്നു. കാലിലും ചുണ്ടിലും മുഖത്തും തോളിലുമായിരുന്നു മറ്റു മുറിവുകള്‍.
തലയിലെ ആഴത്തിലുള്ള മുറിവുകളിലൂടെ വൈറസ് അതിവേഗം തലച്ചോറിലേക്ക് വ്യാപിച്ചതാണ് പ്രതിരോധ വാക്സിന് ഫലം ചെയ്യാതിരിക്കാന്‍ കാരണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിസിപ്പല്‍ ഡോ. കെ.ജി. സജിത്ത്കുമാര്‍ ചൂണ്ടിക്കാട്ടി.
സിയ ഫാരിസയെ ആദ്യം തിരൂരങ്ങാടിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നും അവിടെ വച്ച് കുട്ടിക്ക് ഐഡിആര്‍വി വാക്സിന് എടുത്തിരുന്നുവെന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. അസ്മ പറഞ്ഞു. ആശുപത്രിയില്‍ വച്ച് കുട്ടിക്ക് ഇമ്യൂണോ ഗ്ലോബുലിന്‍ എന്ന ആന്റിബോഡി നല്കാന് ഡോക്ടര്‍ നിര്‍ദേശിച്ചതായി ചികിത്സാ രേഖകളിലുണ്ട്.
പക്ഷേ അതിനു തയാറാകാതെ രക്ഷിതാക്കള്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുവന്നു. പ്രഥമശുശ്രൂഷയും തുടര്‍ചികിത്സയും സമയബന്ധിതമായി ഉറപ്പാക്കുന്നതില്‍ കാലതാമസമുണ്ടായിയെന്നാണ് മനസിലാക്കുന്നതെന്നും ഡോ. അസ്മ പറഞ്ഞു.
പ്രഥമ ശുശ്രൂഷ പ്രധാനം
മൃഗങ്ങളുടെ കടിയേറ്റാല്‍ താമസംവിനാ പ്രഥമ ശുശ്രൂഷ നല്‍കണം. പേവിഷ ബാധയുള്ള മൃഗങ്ങള്‍ മൂലം മനുഷ്യരുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടായാല്‍ ഞരമ്പുകളിലൂടെ തലച്ചോറിലേക്ക് അണുബാധ പെട്ടെന്ന് വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്.
ശരീരത്തില്‍ എവിടെയായാലും മൃഗങ്ങളുടെ കടിയേറ്റാല്‍ അടിയന്തരമായി പ്രഥമ ശുശ്രൂഷ നല്‍കുകയാണ് വളരെ പ്രധാനം. വെള്ളം ശക്തിയായി മുറിവിലേക്ക് ചീറ്റിച്ച് സോപ്പുപയോഗിച്ച് നന്നായി കഴുകണം.വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് മുറിവിലെ വൈറസ് പുറത്തേക്കു പോകാന്‍ സഹായിക്കും.
സോപ്പ് ഉപയോഗിച്ചു കഴുകുന്നതിലൂടെ വൈറസിന്റെ പുറം ആവരണം നശിപ്പിക്കാന്‍ ഒരുപരിധി വരെ സാധിക്കും. തുടര്‍ന്ന് താമസംവിനാ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. ഇതിന് നിശ്ചിത സമയപരിധിയില്ല. കഴിയുന്നതും വേഗം എന്നാണ് നിര്‍ദേശിക്കാനുള്ളത്.
വൈറസ് കൂടുതല്‍ ഭാഗങ്ങളിലേക്കു വ്യാപിക്കാതിരിക്കാന്‍ ആശുപത്രിയില്‍ വച്ച് മുറിവുകളില്‍ പേവിഷ ബാധയ്ക്കെതിരായ ആന്റിബോഡി കുത്തിവയ്ക്കും. ഇതുവഴി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വൈറസ് ബാധിക്കുന്നത് തടയാം.
മുറിവില്‍ ആന്റിബോഡി കുത്തിവച്ചശേഷം പിന്നീട് കൃത്യമായ ഇടവേളകളില്‍ പ്രതിരോധ വാക്സിന് എടുക്കണം. പേവിഷ ബാധയുള്ള മൃഗങ്ങളുടെ കടിയേറ്റ എല്ലാവര്ക്കും ഒരു പോലെയല്ല വൈറസ് ബാധയുണ്ടാവുക. മൃഗങ്ങളുടെ ഉമിനീരില്‍ വൈറസിന്റെ സാന്നിധ്യം ഇടവേളകളിലായാണ് ഉണ്ടാവുക.
ഉമിനീരില്‍ വൈറസ് സാന്നിധ്യം കൂടുതലുള്ള സമയത്താണ് കടിയേറ്റതെങ്കിൽ രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. വൈറസിന്റെ വകഭേദവും മരണത്തിനു കാരണമാകാം. കാട്ടുചെന്നായ്ക്കളില്നിന്നു പകര്‍ന്ന വൈറസാണാങ്കെില് അതിനു തീവ്രശേഷി ഉണ്ടാകും. ഈ വിഷയത്തില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.
ഡോ. അസ്മ (കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി)