ജി. സുധാകരൻ അന്പലപ്പുഴയിൽ അങ്കത്തിനിറങ്ങുമോ?
Monday, October 20, 2025 2:20 AM IST
അമ്പലപ്പുഴ: പരസ്യപ്രതികരണങ്ങൾ വഴി പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ ജി. സുധാകരൻ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുമോയെന്ന ആശങ്കയിൽ സിപിഎം. അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്രസ്ഥാനാർഥിയാകുമെന്ന പ്രചരണം ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നടപടിക്കു വിധേയനായി ബ്രാഞ്ചിലേക്കു മാറ്റപ്പെട്ട ജി. സുധാകരൻ ഏറെ നാളായി പാർട്ടിയും സർക്കാരുമായി ഇടഞ്ഞുനിൽക്കുകയാണ്. പാർട്ടിയംഗമായിരിക്കുമ്പോഴും കോൺഗ്രസ് വേദികളിലും മറ്റും സുധാകരൻ പങ്കെടുക്കുന്നതും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനിടെയാണ് മന്ത്രി സജി ചെറിയാൻ, എ.കെ. ബാലൻ, എച്ച്. സലാം എംഎൽഎ എന്നിവരെ രൂക്ഷമായി വിമർശിച്ചു പരസ്യപ്രതികരണം നടത്തിയത്. തൊട്ടുപിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുളളവർ അനുനയവുമായി സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു.
മയപ്പെടാതെ
സുധാകരൻ തുടർച്ചയായി ഇത്തരം പരാമർശങ്ങൾ നടത്തുന്നതു പ്രതിപക്ഷത്തിന്റെ കൈയിലെ വടിയായി മാറിയതുകൊണ്ടാണ് സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കളെത്തിയത്. എങ്കിലും നിലപാട് അദ്ദേഹം ഇതുവരെ മയപ്പെടുത്തിയിട്ടില്ല.
ഇടഞ്ഞു നിൽക്കുന്ന സുധാകരൻ മത്സരത്തിനിറങ്ങിയാൽ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് കോൺഗ്രസ് എന്നും സൂചനയുണ്ട്. മാസങ്ങൾക്കു മുമ്പ് കെ.സി. വേണുഗോപാൽ എംപി സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു. സുധാകരനു പിന്തുണയുമായി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
സീറ്റ് പിടിക്കാൻ കോൺഗ്രസ്
വിവാദമായ ശബരിമല വിഷയത്തിലും സുധാകരനു പ്രശംസയുമായി ഈ നേതാക്കളെല്ലാം രംഗത്തു വന്നിരുന്നു. താൻ മന്ത്രിയായിരുന്നപ്പോൾ ശബരിമലയിൽനിന്ന് ആരും സ്വർണപ്പാളി കൊണ്ടുപോയില്ലെന്ന സുധാകരന്റെ പരാമർശം ഇപ്പോഴത്തെ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിസ്ഥാനത്തു നിർത്തുന്നതായിരുന്നു.
പരസ്യ പ്രതികരണം തത്കാലം ഒഴിവാക്കിയെങ്കിലും തികച്ചും അസംതൃപ്തനായ സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കാൻ ഇറങ്ങിയാൽ അതിശയിക്കാനില്ലെന്നാണ് വിലയിരുത്തൽ. മത്സരിച്ചാൽ പിന്തുണ നൽകി സുധാകരനെ വിജയിപ്പിക്കാനുള്ള അടവുനയം കോൺഗ്രസ് സ്വീകരിച്ചേക്കും. തുടർച്ചയായി രണ്ടു തവണ നഷ്ടപ്പെട്ട സീറ്റ് സുധാകരനിലൂടെ തിരിച്ചുപിടിക്കാനുള്ള അവസരംകൂടി ആയിട്ടാണ് ഇതിനെ കോൺഗ്രസ് കാണുന്നത്.