പാരീസിലെ ലൂവ്റ് മ്യൂസിയത്തിൽ മോഷണം; അപൂർവ ആഭരണങ്ങൾ നഷ്ടപ്പെട്ടു
Monday, October 20, 2025 1:01 AM IST
പാരീസ്: പ്രശസ്തമായ ലൂവ്റ് മ്യൂസിയത്തിൽ മോഷണം. മുഖംമൂടി ധരിച്ച മൂന്നു കള്ളന്മാർ ഇന്നലെ രാവിലെ മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ കടന്ന് ആഭരണങ്ങൾ മോഷ്ടിച്ചു രക്ഷപ്പെട്ടു. ഫ്രഞ്ച് രാജകുടുംബാംഗങ്ങളുടെ ആഭരണങ്ങൾ പ്രദർശിപ്പിക്കുന്ന ഗാലറിയാണിത്. നെക്ലെസ്, ബ്രൂച്ച് എന്നിവയടക്കം ഒന്പത് ആഭരണങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കവർച്ച വെറും ഏഴു മിനിറ്റ് മാത്രമാണു നീണ്ടതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു.
ലിയണാർഡോ ഡാ വിഞ്ചിയുടെ മൊണോലിസ അടക്കമുള്ള കലാസൃഷ്ടികൾ സൂക്ഷിക്കുന്ന അതീവ സുരക്ഷയുള്ള മ്യൂസിയത്തിൽ രാവിലെ ഒന്പതരയ്ക്കാണു മോഷണം നടന്നത്. കള്ളന്മാർ മ്യൂസിയത്തിനു സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിലൂടെ അപ്പോളോ ഗാലറിയിൽ കടക്കുകയായിരുന്നു. മരം വെട്ടുന്ന മെഷീൻ വാൾ അടക്കമുള്ള ഉപകരണങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു. കവർച്ചയ്ക്കുശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടു.
നഷ്ടപ്പെട്ട വസ്തുക്കളുടെ മൂല്യം വ്യക്തമല്ല. മോഷ്ടാക്കളുടെ പക്കൽനിന്നു വീണ ഒരു കിരീടം മ്യൂസിയത്തിനു പുറത്ത് കണ്ടെത്തി. നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജീൻ ചക്രവർത്തിനിയുടെ കിരീടമാണിതെന്ന് കരുതുന്നു. അപ്പോളോ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന 140 കാരറ്റുള്ള റീജന്റ് ഡയമണ്ട് എന്ന വജ്രാഭരണം നഷ്ടപ്പെട്ടിട്ടില്ല. കവർച്ചയ്ക്കു പിന്നാലെ ലൂവ്റ് മ്യൂസിയം ഇന്നലെ അടച്ചിട്ടു. അമൂല്യ കലാസൃഷ്ടികളും നിധികളുമടക്കം ആറു ലക്ഷത്തിലധികം വസ്തുക്കൾ പ്രദർശനത്തിനു വച്ചിട്ടുള്ള ലൂവ്റിൽ മോഷണം ഇതാദ്യമായല്ല.
1911ൽ വിൻചെൻസോ പെറൂജിയ എന്ന മുൻ ജീവനക്കാരൻ മോണോലിസ പെയിന്റിംഗ് മോഷ്ടിച്ചിരുന്നു. രണ്ടു വർഷത്തിനുശേഷം ഇറ്റലിയിലെ ഫ്ലോറൻസിൽനിന്നാണ് പെയിന്റിംഗ് കണ്ടെത്തിയത്. മോണോലിസയെ ലോകത്തിലെ ഏറ്റവും പ്രശസ്ത പെയിന്റിംഗ് ആക്കുന്നതിൽ മോഷണം പ്രധാന പങ്കുവഹിച്ചു. ലോകത്തിലേറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയമാണ് ലൂവ്റ്. പ്രതിവർഷം 90 ലക്ഷം പേർ എത്തു ന്നതായാണു കണക്ക്.