ഹമാസ് വെടിനിർത്തൽ ലംഘിച്ചു ; ഗാസയിൽ വീണ്ടും ഇസ്രേലി വ്യോമാക്രമണം
Monday, October 20, 2025 1:01 AM IST
ടെൽ അവീവ്: ഹമാസ് ഭീകരർ വെടിനിർത്തൽ ധാരണ ലംഘിച്ചു എന്നാരോപിച്ച് ഇസ്രേലി സേന ഇന്നലെ ഗാസയിൽ വ്യോമാക്രമണം നടത്തി. ഗാസയിലുള്ള ഇസ്രേലി സേനയ്ക്കു നേർക്ക് ഹമാസ് ഒന്നിലധികം തവണ ആക്രമണം നടത്തിയ പശ്ചാത്തലത്തിലായിരുന്നു ഇസ്രേലി ആക്രമണം. ഹമാസിന്റെ നടപടി വെടിനിർത്തൽ ലംഘനമാണെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി.
ഇന്നലെ തെക്കൻ ഗാസയിലെ റാഫയിലാണ് ഇസ്രേലി സേന വ്യോമാക്രമണം നടത്തിയത്. ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്.
ഗാസയിലെ സിവിലിയൻ ജനതയെ ആക്രമിക്കാൻ ഹമാസ് പദ്ധതിയിടുന്നതായി അമേരിക്ക മുന്നറിയിപ്പു നല്കിയതിനു പിന്നാലെയാണ് ഇസ്രേലി സേന റാഫയിൽ ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണ നീക്കം പശ്ചിമേഷ്യാ സമാധാനശ്രമങ്ങൾക്കു തുരങ്കം വയ്ക്കുമെന്നും അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലത്തെ സംഭവവികാസങ്ങൾ, ഒക്ടോബർ പത്തിനു നിലവിൽവന്ന ഗാസ വെടിനിർത്തലിനെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇസ്രയേലും ഹമാസും പലവട്ടം വെടിനിർത്തൽ ലംഘിച്ചതായി ആരോപിച്ചിട്ടുണ്ട്.
ഇസ്രേലി സേന 47 തവണ വെടിനിർത്തൽ ലംഘിച്ചു നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെടുകയും 143 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് ശനിയാഴ്ച ആരോപിച്ചിരുന്നു.
അതേസമയം, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാത്ത ഹമാസിന്റെ നടപടി വെടിനിർത്തൽ ലംഘനമാണെന്ന് ഇസ്രയേലും ആരോപിച്ചു. ഇതുവരെ 12 മൃതദേഹങ്ങളാണ് ഹമാസ് കൈമാറിയിട്ടുള്ളത്. ഇനി 16 മൃതദേഹങ്ങൾ കൂടി വിട്ടുകൊടുക്കാനുണ്ട്. മൃതദേഹങ്ങൾ കണ്ടെത്താൻ സമയം വേണമെന്നാണ് ഹമാസ് പറയുന്നത്.
ഹമാസിന്റെ നിരായുധീകരണവും വെടിനിർത്തലിനു ഭീഷണിയായേക്കും. ആയുധം ഉപേക്ഷിക്കാൻ തയാറല്ലെന്നാണ് ഹമാസ് വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്. ഗാസയിൽ ഹമാസിന്റെ ഏഴായിരം പ്രവർത്തകർ കൂടിയുണ്ട്.