പെർത്തിൽ പെരുമഴ; ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് ജയം
Monday, October 20, 2025 1:44 AM IST
പെർത്ത്: രോ- കോ ആരാധകർ കാത്തിരുന്ന ദിനം പെർത്തിൽ കാർമേഘം നിറഞ്ഞു. ആ കാർമേഘം ഓസീസ് ബാറ്റർമാർക്ക് മുന്നിൽ തെളിഞ്ഞതോടെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ഇരുൾ ദിനം.
ഇടവേളയ്ക്കു ശേഷം കളത്തിലിറങ്ങിയ ഹിറ്റ്മാൻ രോഹിത് ശർമയും (8), റണ്‍മെഷീൻ വിരാട് കോഹ്ലിയും (0) നായകവേഷത്തിൽ ആദ്യ മത്സരത്തിൽ ഗില്ലും (10) ടീമും പരാജയപ്പെട്ടു.
മഴ മൂലം നാലു പ്രാവശ്യം നിർത്തിവച്ച മത്സരം ഒടുവിൽ 26 ഓവറാക്കി ചുരുക്കി. 131 റണ്‍സ് വിജയ ലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. മിച്ചൽ മാർഷിന്റെ സ്മാഷിനു മുന്നിൽ ഇന്ത്യൻ ബൗളർമാർ വിയർത്തതോടെ കംഗാരുപ്പട ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി മൂന്നു മത്സര പരന്പരയിൽ 1-0 ലീഡ് നേടി. സ്കോർ: ഇന്ത്യ: 26 ഓവറില്‍ 136/9. ഓസ്ട്രേലിയ: 21.1 ഓവറില്‍ 131/3.
തകർന്ന് ഇന്ത്യ
ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയൻ ബൗളിംഗ് ആക്രമണത്തിനു മുന്നിൽ തകർന്നടിയുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെയാണ് പെർത്തിൽ കണ്ടത്. 26 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 136 റണ്‍സെടുത്തത്. മഴനിയമപ്രകാരം ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 131 ആക്കുകയായിരുന്നു. നാല് ഓവറും അഞ്ചും പന്തും ബാക്കിനിൽക്കേ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യം മറികടന്നു.

38 റണ്‍സെടുത്ത കെ.എൽ. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അക്സർ പട്ടേൽ 31 റണ്‍സെടുത്തു. അവസാന ഓവറിൽ രണ്ടു സിക്സുകൾ ഉൾപ്പെടെ 19 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഢിയാണ് ഇന്ത്യൻ സ്കോർ 130 കടത്തിയത്. രോഹിത് ശർമ (8), ശുഭ്മാൻ ഗിൽ (10), വിരാട് കോലി (0), ശ്രേയസ് അയ്യർ (11), വാഷിംഗ്ടണ്‍ സുന്ദർ (10), ഹർഷിത് റാണ (1), അർഷ്ദീപ് സിംഗ്് (0), മുഹമ്മദ് സിറാജ് (0*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ.
രാഹുൽ-അക്സർ സഖ്യം
ഇന്ത്യ 45-4ലേക്ക് വീണെങ്കിലും രാഹുലും അക്സറും രക്ഷകരായി. 16.4 ഓവറിൽ 52-4 എന്ന സ്കോറിൽ മഴയുടെ ഇടവേളയ്ക്ക് ശേഷം ക്രീസിലെത്തിയ ഇന്ത്യക്കായി രാഹുലാണ് തകർത്തടിച്ചത്. രണ്ട് ഫോറും രണ്ട് സിക്സും രാഹുൽ നേടി. പിന്തുണ നൽകിയ അക്സർ പട്ടേലിനെ ഇരുപതാം ഓവറിൽ കുനെമാൻ മടക്കി. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറെ (10) കൂട്ടുപിടിച്ച് രാഹുൽ ഇന്ത്യയെ 100 കടത്തി.
24-ാം ഓവറിൽ സ്കോർ 115ൽ നിൽക്കേ സുന്ദറും 25-ാം ഓവറിൽ രാഹുലും മടങ്ങിയതിനുശേഷം നിതീഷ് കുമാർ റെഡ്ഢി (11 പന്തിൽ 19) സ്കോർ 130 കടത്തി. ഓസീസിനായി ജോഷ് ഹെയ്സൽവുഡ്, മിച്ചൽ ഓവൻ, മാത്യു കുനെമാൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും മിച്ചൽ സ്റ്റാർക്ക്, നഥാൻ എല്ലിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മാർഷ് സമാഷ്!
മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ മിച്ചൽ മാർഷാണ് (52 പന്തിൽ 46*) ഓസീസിനെ മുന്നിൽനിന്നു നയിച്ചത്. മൂന്നു സിക്സും രണ്ടു ഫോറുമാണ് മാർഷിന്റെ ബാറ്റിൽനിന്നു പിറന്നത്. വിക്കറ്റ് കീപ്പർ ജോഷ് ഫിലിപ്പ് (29 പന്തിൽ 37), അരങ്ങേറ്റക്കാരൻ മാറ്റ് റെൻഷോ (24 പന്തിൽ 21*) എന്നിവരും തിളങ്ങി. ട്രാവിസ് ഹെഡ് (8), മാത്യു ഷോട്ട് (8) എന്നിങ്ങനെയാണ് മറ്റ് ഓസീസ് ബാറ്റർമാരുടെ സ്കോറുകൾ. ഇന്ത്യക്കായി അർഷ്ദീപ് സിംഗ്, അക്ഷർ പട്ടേൽ, വാഷിംഗ്ടൻ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മഴ വില്ലനായി
ഇന്ത്യൻ ഇന്നിംഗസിനിടെ നാലു തവണയാണ് മഴ കളിമുടക്കിയത്. രണ്ടാം തവണ കളി ഏകദേശം രണ്ടു മണിക്കൂറിലേറെ മുടങ്ങി. ഇതോടെ ആദ്യം 35 ഓവറും പിന്നീട് 32 ഓവറും ഒടുവിൽ 26 ഓവറുമായി മത്സരം ചുരുക്കുകയായിരുന്നു.
ഇന്ത്യൻ ഇന്നിംഗ്സിന്റെ ഒന്‍പതാം ഓവറിലാണ് മഴ ആദ്യം പെയ്തത്. 12-ാം ഓവറിൽ വീണ്ടും മഴയെത്തി. രണ്ടു മണിക്കൂർ നഷ്ടം. മത്സരം പുനരാരംഭിച്ച് 12 മിനിറ്റിനു ശേഷം വീണ്ടും മഴ. വീണ്ടും മത്സരം ആരംഭിച്ചെങ്കിലും 14 ബോൾ മാത്രമാണ് എറിയാൻ സാധിച്ചത്. ഇതോടെ 26 ഓവറാക്കി ചുരുക്കി.
വീണ്ടും ടോസ് നഷ്ടം
തുടർച്ചയായ 16-ാം ഏകദിനത്തിലും ഇന്ത്യക്കു ടോസ് നഷ്ടം. നായകനായി അരങ്ങേറിയ ശുഭ്മാൻ ഗില്ലിനും ടോസ് ഭാഗ്യം തിരിച്ചുകൊണ്ടുവരാനായില്ല. 2023 ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമി ഫൈനലിലാണ് ഇന്ത്യക്ക് അവസാനമായി ഏകദിനത്തിൽ ടോസ് ലഭിച്ചത്.
ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
രോ-കോ നിരാശപ്പെടുത്തി
എട്ടു മാസത്തിനു ശേഷം രോഹിതും കോഹ്ലിയും കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലായിരുന്ന ആരാധകർക്ക് നിരാശ. ഇരുവരുടെയും ബാറ്റിംഗ് പവറിൽ ശ്രദ്ധിക്കപ്പെട്ട പരന്പരയിലെ ആദ്യ മത്സരത്തിൽ ഇരുവർക്കും അൽപായുസായിരുന്നു ഫലം.

ഓപ്പണറായി ഇറങ്ങിയ രോഹിത് 14 പന്തിൽ എട്ട് റണ്‍സെടുത്തും മൂന്നാമനായി ഇറങ്ങിയ കോഹ്ലി എട്ടു പന്ത് നേരിട്ട് പൂജ്യത്തിനും പുറത്തായി. രോഹിത്തിനെ ഹെയ്സൽവുഡ് പുറത്താക്കിയപ്പോൾ മിച്ചൽ സ്റ്റാർക്കിനാണ് കോഹ് ലിയുടെ വിക്കറ്റ്. ഓസ്ട്രേലിയയിൽ കഴിഞ്ഞ 30 ഏകദിന ഇന്നിംഗ്സുകളിൽ കോഹ്ലിയുടെ ആദ്യ ഡക്കാണിത്.
രാജ്യാന്തര ക്രിക്കറ്റിൽ രോഹിത്തിന്റെ 500-ാം മത്സരമായിരുന്നു ഇത്. ഇരുവർക്കും പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (18 പന്തിൽ 10) പുറത്തായി. പവർപ്ലേ അവസാനിക്കുന്പോൾ 3നു 27 എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടു വർഷത്തിനിടെ ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോറാണിത്. 2023ൽ ചെന്നൈയിൽ ഓസീസിനെതിരേ ഇതേ സ്കോറിലാണ് ഇന്ത്യ പവർപ്ലേ അവസാനിപ്പിച്ചത്.