ഇന്ത്യ x ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പര നാളെ മുതല്‍
Saturday, October 18, 2025 12:22 AM IST
പെര്‍ത്ത്: മാര്‍ച്ച് ഒമ്പത്; 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ ഫൈനല്‍. അന്നാണ് രോഹിത് ശര്‍മയും വിരാട് കോഹ്ലി ഇന്ത്യന്‍ ജഴ്സിയില്‍ അവസാനം കളിച്ചത്. അതിനുശേഷം ഐപിഎല്‍ 2025ലും ഇരുവരും കളത്തില്‍ എത്തി.
ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ കഴിഞ്ഞിട്ട് ഏഴു മാസങ്ങള്‍ പിന്നിട്ടു, ഐപിഎല്‍ കഴിഞ്ഞിട്ട് അഞ്ചും. പതിറ്റാണ്ടുകളായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ആവേശഭരിതമാക്കിയ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും 224 ദിനങ്ങളുടെ ഇടവേളയ്ക്കുശേഷം നാളെ രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നു. ഒരു ചോദ്യവും ഒരു ആശങ്കയും മാത്രം; രോ-കോ സഖ്യത്തിന്റെ അവസാന ഓസ്ട്രേലിയന്‍ പര്യടനം ആയിരിക്കുമോ നാളെ ആരംഭിക്കുന്നത്.
ഇതിനോടകം രാജ്യാന്തര ട്വന്റി-20, ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് ഇരുവരും വിരമിച്ചു. 2024-25 ഓസ്ട്രേലിയന്‍ പര്യടനത്തോടെയാണ് ഇരുവരും ടെസ്റ്റില്‍നിന്നു വിരമിച്ചത്. 2025ല്‍ മറ്റൊരു ഓസീസ് പര്യടനം, ഏകദിനത്തിനായി. ഈ പരമ്പരയ്ക്കുശേഷം രോ-കോ സഖ്യം ഇന്ത്യന്‍ ജഴ്സിയില്‍ ഉണ്ടാകില്ലേ..? കാത്തിരുന്നറിയുകതന്നെ...
ലാസ്റ്റ് ചാന്‍സ്..?
ഏകദിന ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരായ രോഹിത്തിന് 38ഉം കോഹ്ലിക്ക് 36ഉം വയസുണ്ട്. 2027 ഏകദിന ലോകകപ്പ് വരെ ഇരുവരും തുടരുമോ എന്നത് ഓസ്ട്രേലിയന്‍ പര്യടനത്തെ ആശ്രയിച്ചിരിക്കുമെന്നതാണ് വാസ്തവം. അതായത് പെര്‍ത്തിലും (നാളെ) അഡ്ലെയ്ഡിലും (23ന്) സിഡ്നിയിലും (25ന്) നടക്കുന്ന ഏകദിനങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവച്ചാല്‍ രോ-കോ സഖ്യത്തെ തള്ളുക എളുപ്പമല്ല.
മറിച്ചായാല്‍ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിനും രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവരില്ല. ക്രിക്കറ്റ് ജീവിതത്തിലെ നിര്‍ണായക ആഴ്ചയാണ് രോ-കോ സഖ്യത്തിനു മുന്നില്‍ നാളെ ആരംഭിക്കുന്നതെന്നു ചുരുക്കം. ഓസ്ട്രേലിയയില്‍ രോ-കോ സഖ്യത്തിന്റെ അവസാന പര്യടനമായിരിക്കുമെന്ന സംസാരവും അന്തരീക്ഷത്തിലുണ്ട്.
രോ-കോ Vs ഓസീസ്
വിരാട് കോഹ്ലി 2009ലാണ് ആദ്യമായി ഓസ്ട്രേലിയന്‍ പര്യടനം നടത്തിയത്. അന്നു മുതല്‍ ഇന്നുവരെയായി ഓസ്ട്രേലിയന്‍ മണ്ണില്‍ 29 ഏകദിനങ്ങള്‍ കളിച്ചു. 51.03 ശരാശരിയില്‍ 1327 റണ്‍സ് നേടി. സന്ദര്‍ശക താരങ്ങളില്‍ ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റിക്കാര്‍ഡ് കോഹ്ലിക്കു സ്വന്തം.
അഞ്ച് സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറിയും കോഹ്ലി ഓസീസ് മണ്ണില്‍ നേടിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരേ ആകെ 50 ഏകദിനങ്ങളില്‍നിന്ന് 54.46 ശരാശരിയില്‍ 2451 റണ്‍സ് കോഹ്ലിക്കുണ്ട്. എട്ട് സെഞ്ചുറിയും 15 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്.
രോഹിത് ഓസ്ട്രേലിയന്‍ മണ്ണില്‍ അവര്‍ക്കെതിരേ 30 ഏകദിനം കളിച്ചു. 53.12 ശരാശരിയില്‍ 1328 റണ്‍സ് നേടി. അഞ്ച് സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. ഓസ്ട്രേലിയയ്ക്കെതിരേ ആകെ 46 ഏകദിനങ്ങളില്‍ രോഹിത് ഇറങ്ങി. എട്ട് സെഞ്ചുറിയും ഒമ്പത് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 2407 റണ്‍സ് സ്വന്തമാക്കി. 57.30 ആണ് ശരാശരി.