കേരളം 219നു പുറത്ത്
Saturday, October 18, 2025 12:22 AM IST
കാര്യവട്ടം: സഞ്ജു സാംസണും സല്മാന് നിസാറും ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും മധ്യനിരയില്‍ നടത്തിയ പോരാട്ടം പൂര്‍ണമായി ഫലം കണ്ടില്ല.
അതോടെ മഹാരാഷ്ട്രയ്ക്ക് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി. 239 റണ്‍സിന് മഹാരാഷ് ട്രയെ ഒന്നാം ഇന്നിംഗ്സില്‍ പുറത്താക്കിയ കേരളം, 219നു പുറത്തായി. അതോടെ സന്ദര്‍ശകര്‍ക്ക് 20 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്.
രണ്ടാം ഇന്നിംഗ്സിനായി ക്രീസില്‍ എത്തിയ മഹാരാഷ്ട്ര മൂന്നാംദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സ് എടുത്തു. ഓപ്പണര്‍മാരായ പൃഥ്വി ഷായും (37) അര്ഷിന് കുല്‍ക്കര്‍ണിയുമാണ് (14) ക്രീസില്‍.
സഞ്ജു-സല്മാന്
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ് കേരളം മൂന്നാംദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. ക്രീസില്‍ തുടരുകയായിരുന്ന സച്ചിന് ബേബിയെ ഒരു വശത്തുനിര്‍ത്തി സഞ്ജു സാംസണ് റണ്‍സ് അടിച്ചുകൂട്ടി. നാലാം വിക്കറ്റില്‍ 40 റണ്‍സ് സച്ചിനും സഞ്ജുവും ചേര്‍ന്നു നേടി. 35 പന്തില്‍ ഏഴ് റണ്‍സ് നേടിയ സച്ചിന് ബേബി പുറത്തായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു.
തുടര്‍ന്ന് മുഹമ്മദ് അസ്ഹറുദ്ദീനും സഞ്ജും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 57 റണ്‍സ് നേടി. കേരള ഇന്നിംഗ്സിലെ ആദ്യ 50+ കൂട്ടുകെട്ടായിരുന്നു ഇത്. 63 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും അടക്കം 54 റണ്‍സ് നേടിയ സഞ്ജു പുറത്തായതോടെ ഈ കുട്ടുകെട്ടിനും വിരാമം. സ്കോര്‍ 141ല്‍ നില്ക്കുമ്പോള് മുഹമ്മദ് അസ്ഹറുദ്ദീനും (52 പന്തില്‍ 36) പുറത്ത്. തുടര്‍ന്ന് സല്മാന് നിസാര്‍ (93 പന്തില്‍ 49) മാത്രമാണ് കേരള ഇന്നിംഗ്സില്‍ തിളങ്ങിയത്.
മഹാരാഷ്ട്രയ്ക്കുവേണ്ടി ജലക് സക്സേന മൂന്നും മുകേഷ് ചൗധരി, രജ്നീഷ് ഗുര്‍ബാനി, വിക്കി ഓസ്വാള്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.
പോയിന്റ് നഷ്ടം
രഞ്ജിയുടെ അവസാന ദിനമായ ഇന്ന് മഹാരാഷ്ട്രയെ എറിഞ്ഞിട്ടശേഷം ലക്ഷ്യം അടിച്ചെടുത്തില്ലെങ്കില് കേരളത്തിനു പോയിന്റ് നഷ്ടം സംഭവിക്കും. നിലവിലെ സ്ഥിതി അനുസരിച്ച് മത്സരം സമനിലയില്‍ കലാശിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ മഹാരാഷ്ട്രക്കാര്‍ മൂന്നു പോയിന്റ് നേടും. കേരളത്തിന് ഒരു പോയിന്റേ ലഭിക്കൂ.
പാട്ടിദാറിന് ഡബിള്‍
ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിന് എതിരേ മധ്യപ്രദേശിന്റെ ക്യാപ്റ്റന്‍ രജത് പാട്ടിദാറിന് ഇരട്ട സെഞ്ചുറി. 332 പന്തില്‍ 205 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന രജത് പാട്ടിദാറിന്റെ മികവില്‍ മധ്യപ്രദേശ് ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. സ്കോര്‍: പഞ്ചാബ് 232. മധ്യപ്രദേശ് 519/8.
വിദര്‍ഭ, ഹരിയാന ജയിച്ചു
രഞ്ജി ട്രോഫി ആദ്യ റൗണ്ട് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭ ഇന്നിംഗ്സിനും 179 റണ്‍സിന് നാഗലാന്‍ഡിനെ തകര്‍ത്തു. നാലാംദിനംതന്നെ വിദര്‍ഭ ജയിച്ചു. സ്കോര്‍: വിദര്‍ഭ 463. നാഗലാന്‍ഡ് 171, 113.
സൂററ്റില്‍ റെയില്‍വേസിനെതിരേ ഇറങ്ങിയ ഹരിയാന 96 റണ്‍സ് ജയം നേടി. സ്കോര്‍: ഹരിയാന 171, 205. റെയില്‍വേസ് 128, 152.