പ്രാർഥനയിൽ ആഴപ്പെടാൻ വിശുദ്ധരുടെ ജീവിതം പ്രേരകമാകണം: മാർപാപ്പ
Monday, October 20, 2025 1:01 AM IST
വത്തിക്കാൻ സിറ്റി: വിശുദ്ധരുടെ ജീവിതം നമ്മെ ക്രിസ്തുവിങ്കലേക്ക് കൂടുതൽ അടുപ്പിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ആഗോള മിഷൻ ഞായറായ ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന തിരുക്കർമ്മങ്ങളുടെ മധ്യേ ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിച്ചശേഷം സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ജീവിതത്തിൽ പരീക്ഷണങ്ങളും പ്രതിസന്ധികളും ദുരിതങ്ങളും നേരിടുമ്പോഴും ദൈവത്തോടു തീക്ഷ്ണമായും വിശ്വാസത്തോടെയും പ്രാർഥിക്കേണ്ടതിന്റെ ആവശ്യകത ഈ പുണ്യാത്മാക്കളുടെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു. ദൈവകൃപയാൽ പ്രോജ്വലിച്ച് ക്രിസ്തുവിശ്വാസത്തിന്റെ ദീപം പകർന്നുനൽകിയവരാണ് ഈ വിശുദ്ധർ. സന്തോഷനിമിഷങ്ങളിലും വേദനയുടെ നിമിഷങ്ങളിലും തുടങ്ങി എല്ലായ്പോഴും പ്രാർഥിക്കാൻ ഈശോ മിശിഹാ നമ്മെ ക്ഷണിക്കുന്നു.
ശ്വാസം ശരീരത്തിന്റെ ജീവൻ നിലനിർത്തുന്നതുപോലെ പ്രാർഥന ആത്മാവിന്റെ ജീവൻ നിലനിർത്തുന്നു. വാസ്തവത്തിൽ വിശ്വാസം പ്രാർഥനയിലൂടെയാണ് പ്രകടമാകുന്നത്. യഥാർഥ പ്രാർഥന വിശ്വാസത്തിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രാർഥനകളുടെ ഉദ്ദേശ്യശുദ്ധിയെ ഇല്ലാതാക്കാൻ പ്രലോഭനങ്ങൾ കടന്നുവരാം. അത് അനുവദിക്കരുത്. വിശുദ്ധിയിലേക്കുള്ള ദൈവവിളിയിൽ പുതിയ വിശുദ്ധാത്മാക്കൾ നമ്മെ സഹായിക്കട്ടെ-മാർപാപ്പ പറഞ്ഞു.
തുർക്കിയിൽനിന്നുള്ള അർമേനിയൻ കത്തോലിക്കാ ബിഷപ് ഇഗ്നേഷ്യസ് മലോയൻ, പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള പെദ്രോ ടു റോട്ട്, ഇറ്റലിയിൽനിന്നുള്ള സിസ്റ്റർ മരിയ ട്രോങ്കാറ്റി, സിസ്റ്റർ വിസെന്റ മരിയ പൊളോണി, ബർത്തോലോ ലോംഗോ, വെനസ്വേലയിൽനിന്നുള്ള സിസ്റ്റർ മരിയ ദെൽ മോന്തെ കാർമെലോ റെൻഡിൽസ് മാർട്ടിനെസ്, ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ് എന്നിവരെയാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തിങ്ങിനിറഞ്ഞ വിശ്വാസികളെ സാക്ഷിനിർത്തിയായിരുന്നു തിരുക്കർമ്മങ്ങൾ. രാജ്യത്തുനിന്ന് ഇതാദ്യമായി ഒരാൾ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതിന്റെ സുവർണനിമിഷത്തിൽ പങ്കുചേരാനായി പാപ്പുവ ന്യൂഗിനിയയിൽനിന്നും രണ്ടുപേർ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട വെനസ്വേലയിൽനിന്നും നൂറുകണക്കിന് വിശ്വാസികളെത്തിയിരുന്നു. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തറെല്ല, ലബനൻ പ്രസിഡന്റ് ജോസഫ് ഓൻ എന്നിവരും വെനസ്വേല, അർമേനിയ, പാപ്പുവ ന്യൂഗിനിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘങ്ങളും ചടങ്ങിൽ പങ്കെടുത്തു.