ഇസ്ലാം വിമർശനം: വൈദികരുൾപ്പെടെ മൂന്നുപേരെ കുറ്റവിമുക്തരാക്കി
Monday, October 20, 2025 1:01 AM IST
മാഡ്രിഡ്: ഇസ്ലാമിനെ വിമർശിച്ചുവെന്നാരോപിച്ച് സ്പെയിനിലെ പ്രോസിക്യൂട്ടർ കുറ്റം ചുമത്തിയ രണ്ടു വൈദികരെയും ഒരു മാധ്യമപ്രവർത്തകനെയും കോടതി കുറ്റവിമുക്തരാക്കി.
വൈദികരായ കസ്റ്റോഡിയോ ബാല്ലെസ്റ്റർ, ജീസസ് കാൽവോ, ഡിജിറ്റൽ മാധ്യമസ്ഥാപനത്തിന്റെ ഡയറക്ടർ അർമാൺഡോ റൊബിൾസ് എന്നിവരെയാണു മാലാഗയിലെ പ്രൊവിൻഷ്യൽ കോടതി കുറ്റവിമുക്തരാക്കിയത്. 2017ൽ ഒരു ടോക്ക് ഷോയ്ക്കിടെ വിദ്വേഷപ്രചാരണം നടത്തിയെന്നാരോപിച്ച് അസോസിയേഷൻ ഓഫ് മുസ്ലിംസ് എഗെൻസ്റ്റ് ഇസ്ലാമൊഫോബിയ എന്ന സംഘടന നൽകിയ പരാതിപ്രകാരമാണ് മൂവർക്കുമെതിരേ പബ്ലിക് പ്രോസിക്യൂട്ടർ കുറ്റം ചുമത്തിയത്.
റൊബിൾസിന് നാലു വർഷം തടവുശിക്ഷയും പത്തുവർഷത്തേക്ക് പഠിപ്പിക്കുന്നതിന് വിലക്കും 3,500 ഡോളർ പിഴയും നൽകണമെന്നായിരുന്നു പ്രോസിക്യൂട്ടർ വാദിച്ചത്. വൈദികർക്കാകട്ടെ മൂന്നു വർഷം തടവുശിക്ഷയാണു നിർദേശിച്ചത്.ഇസ്ലാമിനെക്കുറിച്ച് മൂന്നുപേരും നടത്തിയ പ്രസ്താവനകൾ വിദ്വേഷ കുറ്റകൃത്യമാകില്ലെന്നു കോടതി നിരീക്ഷിച്ചു.