പാക്കിസ്ഥാനിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ മതംമാറ്റി വിവാഹം കഴിപ്പിച്ചു
Monday, October 20, 2025 1:01 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മൂകയും ബധിരയുമായ 15 വയസുള്ള ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചതായി ബന്ധുക്കൾ ആരോപിച്ചു. സിന്ധ് പ്രവിശ്യയിലെ ബാഡിൻ നഗരത്തിനു സമീപം കോർവ ഗ്രാമത്തിൽനിന്ന് ഒരാഴ്ച മുന്പാണ് കുട്ടിയെ കാണാതായത്. തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നല്കിയിരുന്നു.
ശനിയാഴ്ച ബാഡിൻ നഗരത്തിലെ പ്രസ് ക്ലബ്ബിൽ ഭർത്താവെന്നു പറയുന്നയാൾക്കൊപ്പം പെൺകുട്ടി പ്രത്യക്ഷപ്പെട്ടു. ഇസ്ലാമിലേക്കു മതം മാറിയതിന്റെ സർട്ടിഫിക്കറ്റ് കുട്ടിയുടെ പക്കലുണ്ടായിരുന്നു.
ഭർത്താവെന്ന് പറയുന്നയാൾക്ക് ഏറെ പ്രായമുണ്ട്. ഇയാൾ മയക്കുമരുന്ന് കച്ചവടക്കാരനും ഏഴു പെൺകുട്ടികളുടെ പിതാവുമാണെന്ന് കാണാതായ പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത മൂകയും ബധിരയുമായ പെൺകുട്ടി എങ്ങനെയാണ് ഇയാളെ വിവാഹം കഴിക്കാൻ സന്നദ്ധത അറിയിച്ചതെന്നും പിതാവ് ചോദിച്ചു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ഹൈന്ദവ ന്യൂനപക്ഷങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ദാരാവാർ ഇത്തിഹാദ് പാക്കിസ്ഥാൻ എന്ന സംഘടനയുടെ മേധാവി ശിവ കാച്ചി പറഞ്ഞു. പെൺകുട്ടിയുടെ കുടുംബം പരാതി നല്കിയിട്ടും പോലീസ് നടപടിയെടുക്കാൻ തയാറായില്ല. നിയമ നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.