ദോഹ ചർച്ച: അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും വെടിനിർത്തി
Monday, October 20, 2025 1:01 AM IST
ദോഹ: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉടൻ വെടിനിർത്തലിനു സമ്മതിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഒരാഴ്ച നീണ്ട ഏറ്റുമുട്ടലിൽ ഇരു രാജ്യങ്ങളിലും ഡസൻകണക്കിനു പേർ കൊല്ലപ്പെടുകയും നൂറുകണക്കിനു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
വെടിനിർത്തൽ കരാറിന് അന്തിമ രൂപം നല്കിയതായി ദോഹ ചർച്ചയിൽ പാക് പ്രതിനിധി സംഘത്തെ നയിച്ച പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു. കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാനായി ഇരു പക്ഷവും 25ന് തുർക്കിയിലെ ഇസ്താംബൂളിൽ വീണ്ടും കൂടിക്കാഴ്ച നടത്തും.
അർഥവത്തായ വെടിനിർത്തലിന് അഫ്ഗാനിസ്ഥാൻ സമ്മതിച്ചതായി താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഇരു രാജ്യങ്ങളും പരസ്പരമുള്ള ശത്രുതാ നടപടികൾ നിർത്തിവയ്ക്കും. പാക് സർക്കാരിനെതിരേ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് അഫ്ഗാനിസ്ഥാൻ പിന്തുണ നല്കില്ലെന്നും സബീഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു. വെടിനിർത്തൽ തകരില്ല എന്നുറപ്പാക്കാനാണ് ഇസ്താംബൂളിലെ തുടർ ചർച്ചയെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.
പാക്കിസ്ഥാനിൽ വിധ്വംസകപ്രവർത്തനങ്ങൾ നടത്തുന്ന ഭീകരസംഘങ്ങൾക്ക് താലിബാൻ ഭരണകൂടം പിന്തുണ നല്കുന്നു എന്നാരോപിച്ച് പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തിയതാണ് സംഘർഷങ്ങൾക്കു തുടക്കമിട്ടത്. അതേസമയം, പാക് ഭരണകൂടം അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെ വെല്ലുവിളിക്കാൻ ഇസ്ലാമിക് സ്റ്റേറ്റിനു പിന്തുണ നല്കുകയാണെന്നാണ് താലിബാൻ ആരോപിക്കുന്നത്.
ഇരു രാജ്യങ്ങളും ബുധനാഴ്ച മുതൽ 48 മണിക്കൂർ വെടിനിർത്തലിനു സമ്മതിച്ചിരുന്നു. വെള്ളിയാഴ്ച പാക് സേന അഫ്ഗാനിസ്ഥാനിൽ നടത്തിയ ആക്രമണത്തിൽ മൂന്നു പ്രാദേശിക ക്രിക്കറ്റർമാർ അടക്കം എട്ടു പേർ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് പാക്കിസ്ഥാനും ശ്രീലങ്കയും ഉൾപ്പെടുന്ന അടുത്തമാസത്തെ ത്രിരാഷ്ട്ര ക്രിക്കറ്റ് പരന്പരയിൽനിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി.