പോർച്ചുഗലിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കും
Monday, October 20, 2025 1:01 AM IST
ലിസ്ബൺ: മതത്തിന്റെയും ലിംഗത്തിന്റെയും പേരിൽ മുഖം മറച്ചുള്ള വസ്ത്രധാരണം പൊതു സ്ഥലങ്ങളിൽ വിലക്കുന്ന നിയമം പോർച്ചുഗൽ പാർലമെന്റ് പാസാക്കി. മുഖം മറയ്ക്കുന്ന വസ്ത്രധാരണത്തിന് സ്ത്രീകളെ പ്രേരിപ്പിക്കുന്നവർക്ക് മൂന്നു വർഷം വരെ തടവും പിഴയും നിയമത്തിൽ നിർദേശിക്കുന്നു.
തീവ്രവലതുപക്ഷ ചേഗാ പാർട്ടിയാണ് നിയമം അവതരിപ്പിച്ചത്. വലത്-മധ്യ നിലപാടുകൾ പുലർത്തുന്ന പാർട്ടികൾ പിന്തുണച്ചപ്പോൾ ഇടതു പാർട്ടികൾ എതിർത്തു വോട്ട് ചെയ്തു.
മുഖം മറയ്ക്കുന്ന അല്ലെങ്കിൽ മുഖത്തിന്റെ പ്രദർശനം തടസപ്പെടുന്ന വസ്ത്രധാരണങ്ങൾ പൊതുസ്ഥലങ്ങളിൽ പാടില്ല എന്നാണ് നിയമത്തിൽ പറയുന്നത്. മതത്തിന്റെയോ ലിംഗത്തിന്റെയോ പേരിൽ മുഖം മറയ്ക്കാൻ നിർബന്ധിക്കുന്നതും വിലക്കിയിട്ടുണ്ട്.
നിയമം ലംഘിക്കുന്നവർക്ക് 200 മുതൽ 4000 വരെ യൂറോ പിഴ ലഭിക്കാം. ഭീഷണി, അക്രമം, ബലപ്രയോഗം, അധികാര ദുർവിനിയോഗം എന്നീ മാർഗങ്ങളിലൂടെ സ്ത്രീകളെ മുഖം മറയ്ക്കാൻ പ്രേരിപ്പിക്കുന്നവർക്കാണ് ജയിൽശിക്ഷ നിർദേശിക്കുന്നത്.
ആരാധനാലയങ്ങളിലും വിശുദ്ധസ്ഥലങ്ങളിലും മുഖം മുറയ്ക്കുന്നതിന് തടസമുണ്ടാവില്ല. ആരോഗ്യ കാരണങ്ങൾ, ജോലി, സുരക്ഷാ കാരണങ്ങൾ, കാലാവസ്ഥ എന്നിയവുമായി ബന്ധപ്പെട്ടും മുഖം മറയ്ക്കാൻ അനുമതിയുണ്ടാകും. വിദേശരാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിൽ നിയമത്തിനു സാധുതയുണ്ടാവില്ല.
ഭരണഘടന, അവകാശം, സ്വാതന്ത്ര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതിയുടെ വിലയിരുത്തലിനു ശേഷം നിയമത്തിൽ വീണ്ടും വോട്ടെടുപ്പ് നടക്കും. തുടർന്ന് പ്രസിഡന്റ് അംഗീകരിക്കണം.