തസ്ലീമ പങ്കെടുത്ത സമ്മേളത്തില്‍ തോക്ക് കണ്ടെത്തിയത് ആശങ്ക പരത്തി
Monday, October 20, 2025 3:07 AM IST
കൊച്ചി: ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ പങ്കെടുത്ത പരിപാടിക്കെത്തിയ ആളുടെ പക്കൽ തോക്ക് കണ്ടെത്തിയത് ആശങ്ക പരത്തി. ഇതോടെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടി അല്പ സമയം നിർത്തിവച്ചു. എസെന്‍സ് ഗ്ലോബലിന്റെ വാര്‍ഷികസമ്മേളനം(ലിറ്റ്മസ് 25) ആയിരുന്നു ചടങ്ങ്.
തസ്ലീമയ്ക്കാണ് ഇത്തവണത്തെ എസെന്‍സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. ഉദയംപേരൂര്‍ സ്വദേശിയുടെ കൈവശമാണ് തോക്കുണ്ടായിരുന്നത്. സംഘാടകരിലൊരാള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ പോലീസും ബോംബ്, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. തോക്കിന് ലൈസന്സുണ്ടായിരുന്നുവെന്ന് പിന്നീട് പോലീസ് പറഞ്ഞു.
ഉദയംപേരൂർ സ്വദേശി നേരത്തേ വധശ്രമത്തിന് ഇരയായിട്ടുണ്ടെന്നും പരിശോധനാ ചുമതലയുള്ളവരോട് ഇക്കാര്യം ഇയാള്‍ പറഞ്ഞിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പരിശോധനകള്‍ പൂര്‍ത്തിയാക്കി പിന്നീട് ഇയാളെ വിട്ടയച്ചു. പരിപാടിക്കെത്തിയ മുഴുവന്‍ ആളുകളെയും ഹാളിനു പുറത്തിറക്കി പരിശോധിച്ചശേഷമാണ് പോലീസ് പിന്നീട് അകത്തേക്കു വിട്ടത്. ഉച്ചകഴിഞ്ഞു നടന്ന സെഷനില്‍ തസ്ലീമ നസ്രീന് പങ്കെടുത്തു.