സംസ്കൃത സർവകലാശാലയിലെ സംസ്കൃതം അധ്യാപകർക്ക് 31 ലക്ഷം രൂപയുടെ കേന്ദ്രസഹായം
Monday, October 20, 2025 2:57 AM IST
കാലടി: സംസ്കൃതഭാഷയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി കേന്ദ്ര വിദ്യാദ്യാസ മന്ത്രാലയം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് ഏഴു ഗവേഷണ പദ്ധതികൾ അനുവദിച്ചു. സർവകലാശാലയിലെ അഞ്ച് സംസ്കൃതം അധ്യാപകർക്ക് അഞ്ചു വിവിധ ഗവേഷണ പദ്ധതികളിലായി 31 ലക്ഷത്തിന്റെ ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്.
സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി മുഖേന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2025 - 2026 വർഷത്തെ അഷ്ടാദശി പദ്ധതിക്കു കീഴിലാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് ഗവേഷണപദ്ധതികൾ അനുവദിച്ചത്. സംസ്കൃതപണ്ഡിതരുടെ സേവനം സർവകലാശാലകൾക്കു പ്രയോജനപ്രദമാക്കുന്നതിനുള്ള ശാസ്ത്രചൂഢാമണി പദ്ധതിയിൽ സർവകലാശാലയിൽനിന്നു വിരമിച്ച രണ്ട് സംസ്കൃതം പ്രഫസർമാർ സമർപ്പിച്ച പദ്ധതികൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
കാലടി മുഖ്യകേന്ദ്രത്തിലെ ഡോ. കെ.എം. സംഗമേശൻ (സംസ്കൃതം സാഹിത്യം), ഡോ. സി.ആർ. ലിഷ (സംസ്കൃതം ജനറൽ), ഡോ. ശിവജ എസ്. നായർ (സംസ്കൃതം ജനറൽ), ഡോ. ആതിര ജാതവേദൻ (സംസ്കൃതം ജനറൽ), തിരൂർ പ്രാദേശിക കേന്ദ്രത്തിലെ ഡോ. കെ. അബ്ദുൾ റഷീദ് (സംസ്കൃതം വ്യാകരണം) എന്നീ അധ്യാപകർക്കാണ് അഷ്ടാദശി പദ്ധതിപ്രകാരം ധനസഹായം ലഭിച്ചത്. സർവകലാശാലയിൽനിന്നു വിരമിച്ച സംസ്കൃതപണ്ഡിതരായ പ്രഫ. വി. രാമകൃഷ്ണ ഭട്ട്, പ്രഫ. വി.ആർ. മുരളീധരൻ എന്നിവർക്കാണ് അംഗീകാരം ലഭിച്ചത്.