ഡിസിസി, കെപിസിസി സ്ഥാനങ്ങളിൽ അതൃപ്തരെ പരിഗണിക്കുന്നു
കെ. ഇന്ദ്രജിത്ത്
Monday, October 20, 2025 3:07 AM IST
തിരുവനന്തപുരം: കെപിസിസി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരുടെ പുനഃസംഘടനയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം കൂടുതൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തി.
രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായി അടക്കം നേതൃനിരയിലെ എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം സമർപ്പിച്ച പട്ടികയിലെ ചിലരെ ഒഴിവാക്കിയതായ പരാതി ഉയർന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന് അടക്കം അതൃപ്തി. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തു വരുന്ന സാഹചര്യത്തിൽ അതൃപ്തരെ പരിഗണിക്കണമെന്ന ആവശ്യത്തിനാണ് മുൻതൂക്കം.
ഡിസിസി പ്രസിഡന്റ്, കെപിസിസി സെക്രട്ടറി പുനഃസംഘടനാ പട്ടികയും വൈകാതെ പ്രഖ്യാപിക്കുമെന്ന സൂചനയുമുണ്ട്. അതൃപ്തി രേഖപ്പെടുത്തിയവരിൽ ചിലരെ ഈ സ്ഥാനങ്ങളിൽ നിയമിക്കും. ഡിസിസി പ്രസിഡന്റ് സ്ഥാനത്തക്ക് മത- സമുദായിക പരിഗണനകൾ പാലിച്ചാണ് പട്ടിക തയാറാക്കുന്നത്.
തർക്കം നിലനിന്ന കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഏകദേശ ധാരണയായിട്ടുണ്ട്. തിരുവനന്തപുരത്ത് ചെന്പഴന്തി അനിലും കൊല്ലത്ത് സൂരജ് രവിയുമാണ് പരിഗണനാ പട്ടികയിലുള്ളത്. വി.എം. സുധീരൻ നിർദേശിച്ചതാണ് മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന തോപ്പിൽ രവിയുടെ മകൻ സൂരജ് രവിയുടെ പേര്. എന്നാൽ, കൊല്ലത്തുനിന്നുള്ള ചില മുതിർന്ന നേതാക്കൾ ഈ പേരിനോടുള്ള എതിർപ്പ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
കോട്ടയത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മന്റെ പേരും സജീവമായി ആലോചിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി വികാരം ഏറെയുള്ള കോട്ടയം ജില്ലയിൽ ഇതു തെരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യുമെന്ന അഭിപ്രായമുണ്ട്.
പാർട്ടി പ്രവർത്തനത്തിലെ പരിചയക്കുറവു മാത്രമാണ് ന്യൂനതയായി ചൂണ്ടിക്കാട്ടുന്നത്. കോട്ടയത്തേക്ക് മറ്റു മുതിർന്ന നേതാക്കളെ പരിഗണിച്ചാൽ കെപിസിസിയിൽ ചാണ്ടി ഉമ്മന് അർഹമായ പരിഗണന നൽകും. കോട്ടയത്തേക്ക് നേരത്തേ പരിഗണിച്ചിരുന്ന നേതാക്കളിൽ ചിലർ കെപിസിസി ജനറൽ സെക്രട്ടറി പട്ടികയിൽ ഇടം നേടി.
എന്നാൽ, അടുത്തിടെ നിയമിക്കപ്പെട്ടവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരുമായ ഡിസിസി പ്രസിഡന്റുമാരെ നിലനിർത്തും. തൃശൂർ, മലപ്പുറം, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ഡിസിസി പ്രസിഡന്റുമാരെ നിലനിർത്താനാണ് ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപു ഡിസിസി അധ്യക്ഷൻമാർ വരണമെന്ന ആവശ്യമാണുള്ളത്. എന്നാൽ, തർക്കം രൂക്ഷമായാൽ ഡിസിസി പുനഃസംഘടന തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമാക്കും.
അതിനിടെ, ഇടഞ്ഞു നിൽക്കുന്ന കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ അടക്കമുള്ളവർ നൽകിയ പേരുകളുടെ കാര്യത്തിലും തീരുമാനമുണ്ടാകും. ഇക്കാര്യത്തിൽ എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചർച്ച നടത്തും.